വികസന പദ്ധതികളുടെ നിര്‍വ്വഹണം വേഗത്തിലാക്കണം രാഹുല്‍ ഗാന്ധി എം.പി

0

 

എം.പി മാരുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചു നടത്തുന്ന വികസന പദ്ധതികളുടെ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി. കളക്ട്രേറ്റില്‍ ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ 7 കോടി 65 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്കാണ് മണ്ഡലത്തില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത്.അതില്‍ 4 കോടി അറുപത് ലക്ഷം രൂപയുടെ പ്രവര്‍ത്തിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു.ഈ പ്രവര്‍ത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ വിവിധ വകുപ്പ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ജില്ലയില്‍ പി.എം.ജി.എസ് പദ്ധതിയില്‍ കൂടുതല്‍ റോഡുകള്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. പ്രവൃത്തി പുരോഗമിച്ച് വരുന്ന റോഡ് പണികളില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും പരാതി ലഭിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രവര്‍ത്തികള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ സി.ആര്‍.എഫ് ഫണ്ട് അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പു നല്‍കി. പി.എം.ജെ.വി.കെ പദ്ധതിയില്‍ പനമരം ബ്ലോക്കിനെ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. വിഷയത്തില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിതായി അദ്ദേഹം അറിയിച്ചു.

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ആദിവാസി ജനതയുടെ റേഷന്‍ ആനുകൂല്യങ്ങള്‍ തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ പ്രത്യേക ഡ്രൈവ് പരിപാടികള്‍ നടത്തണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു. മുന്‍ഗണന കാര്‍ഡുകളുടെ ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ആദിവാസി വിഭാഗങ്ങളുടെ തൊഴിലവസരം എങ്ങനെ മെച്ചപ്പെടുത്താം എന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ബന്ധപ്പെട്ട വകുപ്പുകളോട് എം.പി ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത ദിശ പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.ജെ.വി കെ, എന്‍.ആര്‍.എല്‍.എം, പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന, നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗാം , പ്രധാന്‍ മന്ത്രി ആവാസ് യോജന, സ്വച്ച് ഭാരത് മിഷന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ , ഫ്ലഡ് വര്‍ക്ക് തുടങ്ങി ജില്ലയില്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെ പ്രവര്‍ത്തന പൂരോഗതി യോഗത്തില്‍ വിലയിരുത്തി.

കെ.സി. വേണുഗോപാല്‍ എം.പി, അഡ്വ.ടി സിദ്ധിക്ക് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എഡിഎം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ദാരിദ്ര ലഘൂകരണ വിഭാഗം പ്രേജക്ട് ഡയറക്ടര്‍ പി.സി മജീദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!