വയനാടിന്റെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന അന്തര്‍ദേശീയ കലോല്‍സവം സംഘടിപ്പിക്കാന്‍ തീരുമാനം. ജില്ലയിലെ കലാകാരന്മാര്‍ , സാഹിത്യ പ്രേമികള്‍ , സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്നുള്ള വയനാട് ആര്‍ട് ഫൗണ്ടേഷനാണ് ഫെസ്റ്റീവയുടെ സംഘാടകര്‍. കൊച്ചി – മുസരിസ്സ് ബിനാലെ മാതൃകയില്‍ ചരിത്ര സ്ഥലികളും ഗോത്രപാരമ്പര്യ പെരുമയും പ്രയോജനപ്പെടുത്തി വയനാടിന്റെ ഭൂമിയെ അന്തര്‍ദേശിയ സാംസ്‌കാരിക ഭൂപടത്തില്‍ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യവും പരിപാടികള്‍ക്കുണ്ട്.
ആഗസ്റ്റില്‍ തുടങ്ങി ഡിസംബര്‍ മാസത്തില്‍ അവസാനിക്കുന്നഉത്സവകലണ്ടാറാണ് സംഘാടകര്‍ തയ്യാറാക്കിയിട്ടുള്ളത്. റിവിധ ഗ്രാമങ്ങളില്‍ ഒരുക്കുന്ന കലാ വിരുന്നുകളുടെ സമാപനമായാണ് ജില്ലാ ആസ്ഥാനത്തെ ആഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ദേശം കലയെ ആവശ്യപ്പെടുന്നു എന്ന ടാഗ് ലൈനോടെ തയ്യാറാക്കിയ പരിപാടിയ്ക്ക് ഏറ്റം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സംവാദങ്ങള്‍, പഠനാവതരണം, ഡോക്യുമെന്ററികള്‍, എന്നിവയോടൊപ്പം ലോകപ്രശസ്തരായ കലാകാരന്മാരുടെ ആവിഷ്‌കാരവും ഉണ്ടാവും. എല്ലാ വര്‍ഷവും നിശ്ചിത ദിവസങ്ങളില്‍ അരങ്ങേറുന്ന പരിപാടി എന്ന നിലയില്‍ വലിയ ഒരുക്കങ്ങള്‍ക്കാണ് സംഘാടകര്‍ തുടക്കമിട്ടത്. നൂതനമായ കലാപ്രകടനങ്ങള്‍, ചിത്രകല, ശില്ലനിര്‍മ്മിതി, ഇന്‍സ്റ്റലേഷനുകള്‍ എന്നിവയെല്ലാം ഉത്സവത്തിന്റെ ഭാഗമായുണ്ടാവും. സെപ്തംബറില്‍ നടത്താനുദേശിക്കുന്ന കുട്ടികളുടെ ആര്‍ട് വര്‍ക്ക്‌ഷോപ്പിന്റെ ക്യൂറേറ്ററായി ഇന്‍ഡസ് ആര്‍ട് കളക്ടീവിലെ (ഡെല്‍ഹി)മെര്‍ലിന്‍ മോളിയെ നിയോഗിച്ചു.സൊസൈറ്റിയായി രൂപീകരിക്കുന്ന വയനാട് ആര്‍ട് ഫൗണ്ടേഷന്റെ പ്രഥമയോഗത്തില്‍ എം കെ രാമദാസ് (ചെയര്‍മാന്‍)അനൂപ് കെ ആര്‍ (സെകട്ടറി)ബാബുരാജ് പി കെ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.