ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു; ജാഗ്രതാ നിര്‍ദേശം
ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. ട്രിങ്കോമാലിക്കും മുല്ലൈത്തീവിനും ഇടയില്‍ 90 കിലോമീറ്റര്‍ വേഗതയിലായിരുന്നു ബുറേവി ശ്രീലങ്കന്‍ തീരം തൊട്ടത്. ഇന്ന് ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമെന്ന് പ്രവചനം. വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട് തീരം തൊടും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായിട്ടായിരിക്കും കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
തിരുവനന്തപുരം, കൊല്ലം തീരങ്ങള്‍ക്കിടയിലൂടെ അറബിക്കടലില്‍ പ്രവേശിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കി.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘങ്ങളെ തെക്കന്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വായുസേനയും നാവിക സേനയും സജ്ജമാക്കി. സംസ്ഥാനത്ത് 2849 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.