വൈഫൈ 23 കോണ്‍ക്ലേവില്‍ ശ്രദ്ധനേടി വിഷയാവതരണം.

0

വൈഫൈ 23 കോണ്‍ക്ലേവില്‍ ജില്ലയുടെ വിവിധ മേഖലകളുടെ ശാക്തീകരണത്തിനായുള്ള വിഷയാവതരണം ശ്രദ്ധനേടി. 46 മേഖലകളെ അടിസ്ഥാനമാക്കിയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചത്. 56 കോടി രൂപയുടെ അനിവാര്യ പദ്ധതികളാണ് വിവിധ വകുപ്പുകള്‍ സി.എസ്.ആര്‍ ഏജന്‍സികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ജില്ലയില്‍ ഏറ്റവും പ്രധാന്യത്തോടെ നടപ്പില്‍ വരേണ്ടതായ സൗകര്യങ്ങള്‍ ആവശ്യമായ പിന്തുണകള്‍ എന്നിവ ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ വീല്‍ ചെയറുകള്‍, ആധുനിക ചക്രകസേരകള്‍, ആദിവാസി മേഖലകളില്‍ ആവശ്യമായ മെഡിക്കല്‍ യൂണിറ്റുകള്‍ ഉപകരണങ്ങള്‍, ഫിസിയോ തൊറാപ്പി യൂണിറ്റുകള്‍, ടെലിമെഡിസിന്‍ യൂണിറ്റുകള്‍ തുടങ്ങിയവയെല്ലാം കോണ്‍ക്ലേവില്‍ വിശദീകരിച്ചു. വയനാട് ജില്ലയിലെ അരിവാള്‍രോഗികള്‍ക്കായുള്ള പ്രത്യേക പരിചരണത്തെക്കുറിച്ചും ഇവര്‍ക്കായുള്ള ചികിത്സാ പദ്ധതികള്‍, ഇതിനായുള്ള ചെലവുകള്‍ എന്നിവയെല്ലാം ആയുര്‍വ്വേദ വിഭാഗം പ്രതിനിധി കോണ്‍ക്ലേവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യക്ഷേമത്തെക്കുറിച്ചും ഇതിനായി വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികള്‍ ഇതിനാവശ്യമായ ചെലവുകള്‍ എന്നിവ വനിതാശിശുക്ഷേമ സമിതി വിശദീകരിച്ചു. ഗ്രാമങ്ങളിലെ അങ്കണവാടികളുടെ നവീകരണവും കുട്ടികള്‍ക്കായുള്ള സൗകര്യങ്ങളും സി.എസ്.ആര്‍ പിന്തുണയോടെ നിര്‍വ്വഹിക്കാന്‍ കഴിയും. ആരോഗ്യവും പോഷകാഹാരം എന്നീ വിഭാഗത്തില്‍ 15 പ്രോജക്ടുകള്‍ അവതരിപ്പിച്ചു. ആദിവാസി വിഭാഗത്തന്റെ ഉന്നമനത്തനായുള്ള പദ്ധതികളെക്കുറിച്ച് കുടുംബശ്രീ മിഷനും പട്ടികവര്‍ഗ്ഗവികസന വകുപ്പും വിഷയം അവതരിപ്പിച്ചു. പ്രാക്തന വിഭാഗങ്ങളുടെ ഉന്നമനത്തിനും കുട്ടകളുടെ വിദ്യാലയങ്ങളല്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനുമുള്ള നൂതന പദ്ധതികളാണ് ഈ മേഖലയില്‍ മുന്നോട്ടുവെച്ചത്. കോളനികളെ ദത്തെടുക്കല്‍, എം.ആര്‍.എസ് വിദ്യാലയങ്ങള്‍ക്കുള്ള വാഹനങ്ങള്‍, സ്പോര്‍ട്സ് കിറ്റുകള്‍, പ്രത്യേക പഠന കേന്ദ്രങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയുടെ ആവശ്യങ്ങള്‍ കോണ്‍ക്ലേവില്‍ അവതരിപ്പിച്ചു. വയനാടിന്റെ സുസ്ഥിര ടൂറിസം വികസനത്തിനായുള്ള ഏഴ് പദ്ധതികളാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൗണ്‍പ്ലാനിങ്ങ്, വനംവകുപ്പ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ശുചിത്വമിഷന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചത്. ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണം, ഉത്തരവാദിത്ത ടൂറിസത്തിന്റെ വ്യാപനം തുടങ്ങിയവയും കുടിവെള്ള കിയോസ്‌ക്കുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അനിവാര്യമാണ്. ജില്ലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനും വനം വന്യജീവി സംരക്ഷണത്തിനും സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിലടെ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ വനംവകുപ്പ് കോണ്‍ക്ലേവില്‍ വിശദീകരിച്ചു. ജില്ലയിലെ മാലിന്യ സംസ്‌കരണത്തിനുള്ള മാതൃകാ പദ്ധതികള്‍, ക്യാമറ നിരീക്ഷണ സംവിധാനം എന്നിവയെക്കുറിച്ചും കോണ്‍ക്ലേവില്‍ വിഷയാവതരണം നടന്നു. കാര്‍ഷിക അനുബന്ധ മേഖലകളില്‍ അനിവാര്യമായ പദ്ധതികളെക്കുറിച്ച് പ്രിയദര്‍ശിനി തേയില എസ്റ്റേറ്റ്, അമ്പലവയല്‍ ആര്‍.എ.ആര്‍.എസ്, എക്സൈസ്, കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയിലെ വിദ്യാഭ്യാസ, അടിസ്ഥാന മേഖലയില്‍ സി.എസ്.ആര്‍ ഫണ്ടില്‍ നടപ്പിലാക്കാന്‍ കഴിയുന്ന 11 പദ്ധതികള്‍ സാമൂഹ്യക്ഷേമ വകുപ്പ്, കോളേജ് വിദ്യാഭ്യാസ വകുപ്പ്, ദാരിദ്രലഘൂകരണ വിഭാഗം, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!