പ്രകൃതിക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണസജ്ജമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍
പ്രകൃതിക്ഷോഭം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണസജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ആശങ്ക ഒഴിഞ്ഞെങ്കിലും മുന്നൊരുക്കങ്ങളില്‍ പിറകോട്ട് പോയിട്ടില്ലെന്ന് മന്ത്രി. മുന്നൊരുക്കം നടത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കം നടത്തുന്നത്. മണിക്കൂറുകളുടെ ഇടവേളയില്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ചുഴലിക്കാറ്റ് കേരളത്തില്‍ വീശാതെ പോയാല്‍ സന്തോഷപ്പെടേണ്ട കാര്യമാണെന്നും മന്ത്രി. കേന്ദ്ര സേനയും സഹായത്തിനുണ്ട്. ഒരുക്കങ്ങള്‍ വെറുതേയായെന്ന് പറയാന്‍ കഴിയില്ല. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി.
അതേസമയം ബുറേവി ചുഴലിക്കാറ്റില്‍ നിന്ന് അതിതീവ്ര ന്യൂനമര്‍ദമായി. തമിഴ്‌നാട് തീരം തൊടാന്‍ വൈകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് അതിതീവ്ര ന്യൂനമര്‍ദം. ചുഴലിക്കാറ്റിന്റെ നിലവിലെ വേഗത മണിക്കൂറില്‍ 50-60 കിലോമീറ്ററാണ്. കേരളത്തില്‍ ഇത് കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നും ദുര്‍ബല ന്യൂനമര്‍ദമായി കേരളത്തിലെത്തുമെന്നും വിവരം.