സജീവന്‍ കൊല്ലപ്പള്ളിയെ ബാങ്കിലെത്തിച്ച് തെളിവെടുത്തു

0

സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കൊല്ലപ്പള്ളി സജീവനെ തെളിവെടുപ്പിന് പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മാനന്തവാടി ജില്ലാ ജയിലില്‍ റിമാഡിലായിരുന്ന സജീവനെ ബത്തേരി കോടതിയാണ് ഇന്ന് ഉച്ചയോടെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. രണ്ട് മണിയോടെ സജീവനെ ബാങ്കിലെത്തിച്ച് തെളിവെടുത്തു. പുല്‍പ്പള്ളി സിഐ അനന്തകൃഷ്ണന്‍, എസ്‌ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

 

മേയ് 30-ന് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതുമായി കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിനും തട്ടിപ്പിനിരയായ ഡാനിയേല്‍ നല്‍കിയ പരാതിയിലുമാണ് സജീവനെ അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ സജീവനെ കഴിഞ്ഞ ആഴ്ചയാണ് ബത്തേരി പോലീസ് പിടികൂടിയത്. തെളിവെടുപ്പിന് ശേഷം വൈകിട്ടോടെ കോടതിയില്‍ സജീവനെ ഹാജരാക്കും. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് കാവലിലാണ് സജീവനെ തെളിവെടുപ്പിന് കൊണ്ടുവന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തെളിവെടുപ്പില്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ബാങ്ക് പ്രസിഡന്റ് കെകെ അബ്രഹാം, മുന്‍ സെക്രട്ടറി രമാദേവി, മുന്‍ ഡയറക്ടര്‍ വിഎം പൗലോസ് ഉള്‍പ്പടെയുള്ളവര്‍ മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുകയാണ്. രാജേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അടുത്ത ദിവസം തന്നെ സജീവനെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം.

 

Leave A Reply

Your email address will not be published.

error: Content is protected !!