തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം തുടരുന്നു. ഇന്ന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 31 വരെ ശക്തമായ മഴ തുടരും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ മുതല്‍ 31 വരെ മത്സ്യബന്ധനത്തിനു പോകരുത്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി മാറി.
നാളെ വരെ പടിഞ്ഞാറു ദിശയില്‍ നീങ്ങുമെന്നാണ് വിലയിരുത്തല്‍. ഈ മാസം രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമര്‍ദമാണിത്. തുലാവര്‍ഷം തീരാന്‍ 2 മാസം ശേഷിക്കെ ഈ വര്‍ഷത്തെ ആകെ മഴ വാര്‍ഷിക ശരാശരിക്കു മുകളിലെത്തി. ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തില്‍ ലഭിക്കേണ്ട ശരാശരി മഴ 2924.7 മില്ലിമീറ്ററാണ്. എന്നാല്‍, ഇന്നലെ വരെ 3131.6 മി.മീ മഴ ലഭിച്ചു.
ശൈത്യകാലത്ത് (ജനുവരി – ഫെബ്രുവരി) 409% അധികം മഴ ലഭിച്ചപ്പോള്‍, വേനല്‍ മഴ (മാര്‍ച്ച് – മേയ്) 108% അധികമായിരുന്നു. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന കാലവര്‍ഷക്കാലത്ത് (ജൂണ്‍ – സെപ്റ്റംബര്‍) മഴ 16% കുറഞ്ഞു. തുലാവര്‍ഷത്തില്‍ (ഒക്ടോബര്‍ – ഡിസംബര്‍) ഇതിനകം 104% അധിക മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയില്‍ വാര്‍ഷിക ശരാശരിയെക്കാള്‍ 48% അധിക മഴ ലഭിച്ചു. കോട്ടയം (36%), തിരുവനന്തപുരം (21%), എറണാകുളം (17%), കൊല്ലം (14%), കോഴിക്കോട് (10%), ആലപ്പുഴ (4%), ഇടുക്കി (1%) ജില്ലകളിലും അധികമഴ ലഭിച്ചു.