സമരം ശക്തമാക്കും മരിയനാട് ഭൂസമരസമിതി

0

മരിയനാട്ടെ ഭൂരഹിതരായ ഗോത്ര ജനത അവകാശ പോരാട്ടവുമായി കലക്ട്രേറ്റ് പടിക്കല്‍. ആദിവാസി ഐക്യവേദിയുടെ സത്യാഗ്രഹ സമരം തുടങ്ങി. കേരള വന വികസന കോര്‍പ്പറേഷന്റെ ഇരുളത്തെ ഭൂമിയിലെ കുടിയേറ്റക്കാരാണ് കുടുംബസമേതം സമരത്തിനെത്തിയത്.വയനാട്ടിലെ ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപ്പെടുന്നില്ലന്ന് ആരോപിച്ചാണ് ആദിവാസി ഐക്യവേദിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. പ്രശ്‌നത്തിന് ഇനിയും പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ഗോത്ര കവി പ്രകാശ് ചെന്തളം പറഞ്ഞു.

 

ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആദിവാസി ഐക്യവേദിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.മരിയനാട് ഭൂസമര കേന്ദ്രത്തില്‍ നിന്നുള്ളവരും സമരത്തില്‍ പങ്കെടുത്തു. വനവികസന കോര്‍പ്പറേഷന്റെ ഉടമസ്ഥത്തിലുള്ള മരിയനാട് എസ്റ്റേറ്റിന്റെ 500 ഏക്കര്‍ ഭൂമിയില്‍ ആയിരത്തോളം കുടുംബങ്ങളാണ് 2022 മെയ് മാസം മുതല്‍ കുടില്‍ കെട്ടി സമരം നടത്തുന്നത്. സര്‍ക്കാര്‍ ഇവരെ പാടെ അവഗണിക്കുകയാണന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ആദിവാസി ഐക്യവേദിയുടെ സംസ്ഥാന പ്രസിഡണ്ട് ചിത്ര നിലമ്പൂര്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ഉത്തമന്‍ ളാഹ മുഖ്യ പ്രഭാഷണം നടത്തി. സീത നായ്ക്കട്ടി, ആതിര മരിയനാട് , അശോകന്‍ മുത്തങ്ങ, അയ്യപ്പന്‍ എറണാകുളം തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. ബിജോയ് ഡേവിഡ്, അനില്‍ മഠത്തില്‍, രഘു കൊല്ലം, മധു മൂപ്പന്‍, രാജു മൂപ്പന്‍ ഷിബു കെ.എ, തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!