ഇനി എന്ന് നന്നാവും ഈ റോഡ്..?

0

തകര്‍ന്ന് തരിപ്പണമായി കാക്കവയല്‍ കാരാപ്പുഴ റോഡ്.കാരാപ്പുഴ ഡാമും, അനുബന്ധ കാഴ്ചകളും കാണാനെത്തുന്ന സഞ്ചാരികളുടെ മനം മടുപ്പിക്കുന്ന പരാതിക്കിടയാക്കുന്ന റോഡ്, എത്രത്തോളം തകര്‍ന്നെന്ന് ചോദിക്കുന്നതിനേക്കാള്‍ ഭേദം തകരാത്ത ഏതെങ്കിലും ഭാഗമുണ്ടോ എന്ന് ചോദിക്കുന്നതാകും ഉചിതം. അത്രമേല്‍ തകര്‍ച്ചയാണ് റോഡിനോടുള്ള ബന്ധപ്പെട്ടവരുടെ ഉദാസീനമായ ഇടപെടല്‍ മൂലം ഉണ്ടായത്. ഗ്രാമങ്ങള്‍ തോറുമുള്ള പോക്കറ്റ് റോഡുകള്‍ വരെ അത്യാധുനിക രീതിയില്‍ നവീകരിക്കുമ്പോഴാണ് ജില്ലയിലെ പ്രധാന്യമേറിയ റോഡ് ഇത്തരത്തില്‍ പതിറ്റാണ്ടുകളായി അധികൃതരുടെ അവഗണനയില്‍ ജില്ലക്ക് അപമാനമായി കിടക്കുന്നത്. റോഡിന്റെ ഈ ദുരവസ്ഥക്ക് കാരണം ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട അധികാരികളുടെയും കനത്ത അനാസ്ഥയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുകയാണ്.കൂടെ മഴക്കാലവും. കുഴികള്‍ നിറഞ്ഞ ഭാഗങ്ങളില്‍ വെള്ളക്കെട്ടും അതില്‍ ചാടുന്ന വാഹനങ്ങളും ഇതിനിടയിലൂടെയുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ ദുരിതപൂര്‍ണ്ണമായ യാത്രയും വര്‍ഷാവര്‍ഷങ്ങളിലെ പരാതി പോലെ അധികൃതരുടെ അടുക്കലെത്തുമെങ്കിലും നടപടി ഉണ്ടാവാറില്ല. കാക്കവയലില്‍ നിന്നും കാരാപ്പുഴയിലേക്കെത്താന്‍ ദൂരം കുറവാണെങ്കിലും വാഹന ഉടമകള്‍ക്ക് ചിലവ് കൂടുതലാണ്. കുഴിയില്‍ ഇറങ്ങിക്കയറി കാരാപ്പുഴ എത്തുമ്പോഴേക്കും ഇന്ധനനഷ്ടവും വാഹനത്തിന്റെ അറ്റകുറ്റപ്പണികളുമായി പ്രതിസന്ധിയിലാണ് തങ്ങളുമെന്നാണ് ബസ് ,ടാക്‌സി ഉടമകളും പറയുന്നത്. ഈ നില തുടര്‍ന്നാല്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി പ്രതിഷേധ പരിപാടികള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!