ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനം നിലച്ചു.ഡോക്ടര്‍മാരില്ലാത്തതാണ് പ്രവര്‍ത്തനം നിലക്കാന്‍ കാരണം. ഇതോടെ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സംഭവത്തില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്.
സുല്‍ത്താന്‍ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിലാണ് ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്. ഈ മാസം ആദ്യമുതല്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടര്‍മാരില്ല. രണ്ട് ഡോക്ടര്‍മാരുടെ സേവനമായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ ഒരാള്‍ ലീവിലും മറ്റൊരാള്‍ കോടതി ഡ്യൂട്ടിയുമായി മാറിയതോടെയാണ് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ഇവിടെ പരിശോധനക്കെത്തിരിയുന്ന സാധാരണക്കാരായ ഗര്‍ഭിണികളണ് ദുരിതത്തിലായിരിക്കുന്നത്. ആശുപത്രിയിലെത്തി ഡോക്ടര്‍ ഇല്ലായെന്ന് അറിയുന്നതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവര്‍. ഓപി ഉണ്ടായിരുന്നസമയങ്ങളില്‍ ദിവസേന 50 പേരെയായിരുന്നു പരിശോധിച്ചിരുന്നത്. കൂടാതെ മാസം 200ലേറെപ്രസവങ്ങളും നടന്ന ആശുപത്രിയിലാണ് ഗൈനക്കോളജി പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുന്നത്. ഇതോടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. ഉടനടി പുതിയ നിയമനം നടത്തി ഗൈനക്കോളജിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് അടക്കമുളള സംഘടനകള്‍ നല്‍കുന്ന മുന്നിറിയിപ്പ്. അതേസമയം ഡോക്ടര്‍മാരില്ലാത്ത വിവരം വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടന്നും അനുകൂലമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.