സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പൂര്‍ത്തീകരണം; ജില്ലയില്‍ മെഗാവാക്സിനേഷന്‍ ക്യാമ്പ് തുടങ്ങി

0

ജില്ലയിലെ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരണത്തിന്റെ ഭാഗമായുള്ള മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി. ജില്ലയിലെ  തദ്ദേശ സ്ഥാപനപരിധിയിലെ 43 കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച നടന്ന പ്രത്യേക ക്യാമ്പുകളില്‍ വൈകീട്ട് അഞ്ച് വരെ 4196 പേര്‍ വാക്സിനെടുത്തു. പതിനെട്ട് വയസ്സിന് മുകളിലുള്ള 2275 പേരും പതിനഞ്ചിനും 17 നും ഇടയിലുള്ള 849 പേരും വാക്സിന്‍ സ്വീകരിച്ചു. 1072 പേരാണ് മുന്‍കരുതല്‍ വാക്സിനെടുത്തത്.  വെള്ളിയാഴ്ച നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ വാക്സിന്‍ നല്‍കും. ഇതോടെ വാക്സിനേഷന്‍ പൂര്‍ത്തീകരണ ജില്ലയെന്ന ലക്ഷ്യത്തില്‍ വയനാട് ഇടം തേടും.

അമ്പലവയല്‍ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നത്. അമ്പലവയല്‍ ഇതിനകം വാക്സിനേഷന്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തീയാക്കുക എന്നത് കൂടിയാണ് മെഗാവാക്സിനേഷന്‍  യജ്ഞത്തിന്റെ മുഖ്യ ലക്ഷ്യം. 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, വിവിധ കാരണങ്ങളാല്‍ ആദ്യ ഡോസ് സ്വീകരിക്കാത്തവര്‍, രണ്ടാം ഡോസ് എടുക്കാത്തവര്‍, ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുള്ളവര്‍ എന്നിവര്‍ക്കെല്ലാം ക്യാമ്പുകളിലെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍  സൗകര്യം ഒരുക്കിയിരുന്നു. തദ്ദേശ സ്ഥാപന അധികൃതര്‍,  വാര്‍ഡ് അംഗങ്ങള്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, സ്‌കൂള്‍- കോളേജ് അധ്യാപകര്‍, ആശ വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ്  ആദിവാസി മേഖലയിലുള്ളവരെ ക്യാമ്പുകളില്‍ എത്തിക്കുന്നത്.  

7500 ആളുകള്‍ക്കാണ് ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റര്‍ ഡോസ് എന്നിവ പ്രത്യേക വാക്സിനേഷന്‍  ക്യമ്പിലൂടെ  നല്‍കാന്‍ ലക്ഷ്യമിടുന്നത്.  പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നും ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് വാഹന സൗകര്യം ഒരുക്കുന്നുണ്ട്. കാക്കവയല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വാക്സിനേഷന്‍ ക്യാമ്പ് ജില്ലാ കളക്ടര്‍ എ.ഗീത സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.  മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയാണ് ജില്ലയില്‍  വാക്സിനേഷന്‍ യജ്ഞം ഏകോപിക്കുന്നത്. ജില്ലയില്‍ 75 കേന്ദ്രങ്ങളാണ് രണ്ടു ദിവസമായി നടക്കുന്ന മെഗാവാക്സിനേഷനായി ഒരുക്കിയത്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!