സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

 

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ ഇന്നലെ വടക്കന്‍ കേരളത്തിലുണ്ടായ ശക്തമായ മഴയില്‍ പല സ്ഥലങ്ങളിലും മലവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂര്‍ ബാവലി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു . കൊട്ടിയൂരില്‍ ഉരുള്‍ പൊട്ടിയതാകാം ബാവലി പുഴയിലെ ജല നിരപ്പ് ഉയരാന്‍ കാരണം. പല വീടുകളിലും വെള്ളം കയറി. ഈ പ്രദേശത്തെ നിരവധി പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ചാലിയാര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൂടരഞ്ഞി ഉറുമി പുഴയില്‍ പെട്ട 5പേരെ രക്ഷപ്പെടുത്തി. ഇവര്‍ സ്ഥലം കാണാന്‍ പാറപ്പുറത്തെത്തിയ നേരത്താണ് മലവെള്ള പാച്ചില്‍ ഉണ്ടായത്. ഇവിടെ കുടുങ്ങി പോയ ഇവരെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ശേഷം ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടു. പാലക്കാട് തിരുവിഴാംകുന്നിലും മലപ്പുറം കരുവാരക്കുണ്ടിലും മലവെളള പാച്ചില്‍ ഉണ്ടായി. ശക്തമായ ഒഴുക്കില്‍ പാറകള്‍ അടക്കം ഒലിച്ചുപോയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!