സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

0

സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജില്ലകളിലെ കേന്ദ്രങ്ങള്‍ പൂട്ടില്ലെന്നും നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും കെ കെ ശൈലജ അറിയിച്ചു.

തൃശൂര്‍ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് എല്ലാ ജില്ലകളിലെയും കുട്ടികളെ മാറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം. സുരക്ഷയും മികച്ച ഭൗതിക സാഹചര്യവും കണക്കിലെടുത്താണ് മാറ്റമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സംസ്ഥാനത്ത് പോക്‌സോ കേസ് ഇരകളെ 14 വിമന്‍ ആന്റ് ചൈല്‍ഡ് ഹോമുകളിലാണ് താമസിപ്പിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിര്‍ഭയാ നയത്തിന്റെ ചുവടുപിടിച്ചാണ് ജില്ലകളില്‍ ഇരകള്‍ക്കായി സുരക്ഷിത കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഇനി മുതല്‍ 10നും 18വയസിനും ഇടയില്‍ പ്രായമുള്ള അന്തേവാസികളെ തൃശൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനിതാ ശിശു വികസന വകുപ്പിന്റെ തീരുമാനം.

സ്വന്തം ജില്ലയിലെ താമസവും മാതാപിതാക്കളുടെ സാമീപ്യവുമാണ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ തങ്ങാന്‍ ഇരകള്‍ക്ക് സഹായകമായത്. സര്‍ക്കാര്‍ കേന്ദ്രത്തിലെ ഇരകളുടെ താമസം പോക്‌സോ പ്രതികള്‍ക്ക് സ്വാധീനിക്കുന്നതിലും തടസമായിരുന്നു. പഠിക്കുന്ന കുട്ടികളെ ഏകീകൃത കേന്ദ്രത്തിലേക്ക് മാറ്റുന്നുവെന്നാണ് മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. വാടക കെട്ടിടങ്ങളില്‍ ഇരകളുടെ പുനരധിവാസവും സുരക്ഷിതത്വവും പ്രശ്‌നമെന്നാണ് സാമൂഹ്യ നീതി വകുപ്പിന്റെ വിശദീകരണം.

ജില്ലാ കേന്ദ്രങ്ങളെ പോക്‌സോ കേസ് ഇരകളുടെ എന്‍ട്രി ഹോമുകളാക്കി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇരകളുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ തൃശൂലേക്ക് മാറ്റും. നിര്‍ഭയ ഹോമുകള്‍ പൂട്ടില്ലെന്ന് മന്ത്രി പറയുമ്‌ബോഴും ഉത്തരവിലും പദ്ധതി നിര്‍ദ്ദേശത്തിലും പറയുന്നത് മറ്റൊന്നാണ്. എന്‍ട്രി ഹോമുകളാക്കി പരിമിതപ്പെടുത്തി ജീവനക്കാരെ പുനര്‍വിന്യസിക്കാനാണ് നിര്‍ദ്ദേശം. ഇതുവഴി വര്‍ഷം 74 ലക്ഷം ലാഭിക്കാമെന്നും വനിതാ ശിശുവികസന ഡയറക്ടര്‍ പദ്ധതി നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!