സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തും

0

കേന്ദ്ര ഗവണ്‍മെന്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ വയനാട് ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തുമെന്ന് ലീഡ് ബാങ്ക് അധികൃതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ലീഡ് ബാങ്കിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സുരക്ഷ 2023 ദൗത്യത്തിന് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ഇവര്‍ പറഞ്ഞു.തൊഴിലുറപ്പ് ജീവനക്കാര്‍, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യ ജീവനക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്ന് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും ജനങ്ങളെ അര്‍ഹമായ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സാധാരണക്കാര്‍ക്ക് ചേരാവുന്ന തരത്തില്‍ വളരെ ചെറിയ വരിസംഖ്യക്ക് 4 ലക്ഷം രൂപയുടെ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു നല്‍കുന്നതാണ് ഈ പദ്ധതികള്‍. താഴെ പറയുന്നവയാണ് സുരക്ഷ 2023 ഉള്‍പ്പെട്ടിട്ടുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍.പ്രധാനമന്ത്രി സുരക്ഷ ബീമാ യോജനയില്‍ : 18 വയസ്സ് മുതല്‍ 70 വയസ്സു വരെ ഉള്ള എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും വെറും 20 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്ന അപകട ഇന്‍ഷുറന്‍സ്,പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയില്‍ : 18 വയസ്സ് മുതല്‍ 50 വയസ്സുവരെ പ്രായമുള്ള എല്ലാ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്കും വെറും 436 രൂപയുടെ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി.ഏതുതരം മരണത്തിനും പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയിലൂടെ പരിരക്ഷ ലഭിക്കുന്നു.

ഓരോ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് എല്ലാ വ്യക്തികള്‍ക്കും അര്‍ഹമായ സ്‌കീമുകള്‍ നല്‍കുക എന്നതാണ് അടുത്ത ഘട്ടം. ജില്ല പഞ്ചായത്ത് കാര്യാലയം, ജില്ലാ കളക്ടറേറ്റിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അവിടുത്തെ സ്റ്റാഫുകള്‍ എന്നിവര്‍ ഇതിനകം സുരക്ഷയുടെ ഭാഗമായി കഴിഞ്ഞു.തരിയോട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ആയ ചെന്നലോട് ഏപ്രില്‍ അഞ്ചോടുകൂടി സമ്പൂര്‍ണ്ണമായി സുരക്ഷയുടെ ഭാഗമായി. സുരക്ഷ പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെ വാര്‍ഡ് ആയി ചെന്നലോട്.മറ്റു പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റുകളിലും കൂടി സുരക്ഷപൂര്‍ത്തീകരിക്കേണ്ടതുണ്ട്.

ആസ്പിറേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെട്ട കേരളത്തിലെ ഒരേയൊരു ജില്ലയാണ് വയനാട്.ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ പ്രധാന മേഖലകളില്‍ സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണ്യ വികസനവും ഉള്‍പ്പെടുന്നു. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സൂചികകളില്‍ സാമൂഹ്യസുരക്ഷാ പദ്ധതികളും ഉള്‍പ്പെടുന്നു. ജില്ലയിലെ ബാങ്കുകള്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ മേഖലയില്‍ മികവ് പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ഏകദേശം എട്ടു കോടിയോളം രൂപ വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചിട്ടുണ്ട്. ഈ മികവ് തുടര്‍ന്നും നിലനിര്‍ത്താന്‍ ആയാല്‍ ജില്ലയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ലഭിക്കാന്‍ സാധ്യതയുണ്ടന്ന് ഇവര്‍ പറഞ്ഞു. സഹായങ്ങള്‍ നല്‍കാന്‍ താല്പര്യമുള്ള കോളേജുകള്‍, സ്‌കൂളുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ ജി ഓ കള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ലീഡ് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.

ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന്‍,സ്റ്റേറ്റ് ബാങ്ക് ജില്ലാ കോഡിനേറ്റര്‍ പി.എം വിജയന്‍,കേരള ബാങ്ക് റീജിയണല്‍ മാനേജര്‍
എന്‍. നവനീത് കുമാര്‍,കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ടി – വി.സുരേന്ദ്രന്‍ യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജില്ലാ കോഡിനേറ്റര്‍ എന്‍.ഒ. ബിജു.എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

 

Leave A Reply

Your email address will not be published.

error: Content is protected !!