സംസ്ഥാനത്ത് 2 വര്‍ഷത്തിനിടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇരട്ടിയായി; 815 കേസുകള്‍

0

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ 2 വര്‍ഷത്തിനിടെ ഇരട്ടിയായി. 815 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 2020 ല്‍ ഇതു 426 ആയിരുന്നു. 7 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും കഴിഞ്ഞ വര്‍ഷമാണ്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരകളാകുന്ന കുട്ടികളുടെ എണ്ണവും വര്‍ധിച്ചു.കേരള പൊലീസിന്റെ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ (ഡിഡാഡ്) അടുത്ത മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാകും കേന്ദ്രങ്ങള്‍ തുടങ്ങുക. കുട്ടികള്‍ക്കായി പൊലീസിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ്.ഡിഡാഡ് കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കു കൗണ്‍സലിങ്ഓണ്‍ലൈന്‍ ഗെയിം, അശ്ലീല സൈറ്റുകള്‍ തുടങ്ങിയവയോട് അമിതാസക്തിയുള്ള കുട്ടികള്‍ക്കു കൗണ്‍സലിങ്ങും സൈബര്‍ സഹായവും നല്‍കുകയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം. സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളെയും രക്ഷിതാക്കളെയും പരിശീലിപ്പിക്കും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് പ്രോജക്ട് കോ ഓര്‍ഡിനേറ്ററും കേന്ദ്രത്തിലുണ്ടാകും. അതതു സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍ക്കാണു കേന്ദ്രത്തിന്റെ ചുമതല.
കോവിഡ് കാലത്തു സ്‌കൂളില്‍ പോകാതെ വീട്ടിലിരിക്കേണ്ടി വന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ 2020 ജൂലൈ 12ന് പൊലീസ് ‘ചിരി’ ഹെല്‍പ്ലൈന്‍ തുടങ്ങിയിരുന്നു. ഇതിലേക്ക് ഇതുവരെ എത്തിയത് 42,182 ഫോണ്‍ വിളികളാണ്. ഇതില്‍ പകുതിയിലേറെയും ഫോണ്‍ അഡിക്ഷനുമായി ബന്ധപ്പെട്ടായിരുന്നു. തുടര്‍ന്നാണ് ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ സെന്റര്‍ എന്ന ആശയം പൊലീസ് സര്‍ക്കാരിനു സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!