രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് 100 ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 100 ദിന കര്‍മ പദ്ധതികളുടെ അവലോകനം നടത്തി. 193 പദ്ധതികള്‍ 100 ദിന കര്‍മ പദ്ധതിയില്‍ പ്രഖ്യാപിച്ചതില്‍ 35 എണ്ണം പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. 115 പദ്ധതികള്‍ സെപ്റ്റംബര്‍ 19നകം പൂര്‍ത്തിയാക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
രണ്ടാം പിണറായി സര്‍ക്കാര്‍ മേയ് 20ന് ആണ് അധികാരമേറ്റതെങ്കിലും 100 ദിന പദ്ധതി ജൂണ്‍ 11നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പദ്ധതികള്‍ സെപ്റ്റംബര്‍ 19ന് പൂര്‍ത്തിയാക്കണം.
മരാമത്തു വകുപ്പില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നിവ വഴി മാത്രം 2464.92 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു കെഡിസ്‌കിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി അനുസരിച്ചു തൊഴിലവസരം സൃഷ്ടിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോടു നിര്‍ദേശിച്ചതായി തദ്ദേശ മന്ത്രി അറിയിച്ചു. ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും 1000 പേരില്‍ 5 പേര്‍ക്കു വീതം തൊഴില്‍ അവസരം ഒരുക്കാനാണു നിര്‍ദേശം.
100 ദിന പദ്ധതിയില്‍ 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പൂര്‍ത്തിയാക്കിയെന്നും പട്ടയ വിതരണം 13,000 കടന്നുവെന്നും റവന്യു മന്ത്രി അറിയിച്ചു. അതീവ ദാരിദ്ര്യ നിര്‍മാര്‍ജനം, വൈജ്ഞാനിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുക തുടങ്ങിയവ ആയിരുന്നു മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍.100 ദിന പദ്ധതിയുടെ പുരോഗതി വിശദീകരിക്കാന്‍ മുഖ്യമന്ത്രി വരുംദിവസങ്ങളില്‍ പത്രസമ്മേളനം നടത്തിയേക്കും.