ഇപോസ് മെഷീന്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ റേഷന്‍ വിതരണം തടസപ്പെട്ടത് മണിക്കൂറുകളോളം. മെഷീനില്‍ കൈവിരല്‍ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഫെബ്രുവരി മാസം ഇന്ന് അവസാനിക്കാനിരിക്കെ നിരവധി ആളുകളാണ് ഈ മാസത്തെ റേഷന്‍ വാങ്ങാനാകാതെ വീട്ടിലേക്ക് മടങ്ങുന്നത്.
ഒരു കാര്‍ഡുടമ അഞ്ചും ആറും തവണ വിരല്‍ പതിപ്പിച്ചിട്ടും റേഷന്‍ വാങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്ന് അവസാനിക്കുമ്പോള്‍ നൂറു കണക്കിന് ആളുകള്‍ ഇനിയും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ബാക്കിയുണ്ട്. മണിക്കൂറുകളോളം ക്യൂ നിന്ന് ഈ പോസില്‍ വിരലമര്‍ത്തിയിട്ടും കാര്യമില്ലെന്ന് കണ്ട് പ്രതിഷേധിച്ചവരും, മൊബൈല്‍ നമ്പറിലേക്ക് ഒ ടി പി ലഭിക്കാത്തതിനാല്‍ സാധനം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതിന് വ്യാപാരികളോട് വാക്കേറ്റത്തിന് നില്‍ക്കുന്ന ആളുകളും കഴിഞ്ഞ ദിവസത്തെ പ്രതിഷേധക്കാഴ്ച്ചകളില്‍ ചിലത് മാത്രം.