കല്‍പ്പറ്റ റാട്ടകൊല്ലി -പുല്‍പ്പാറയില്‍ സ്വകാര്യ തോട്ടം അനധികൃതമായി നിര്‍മ്മിച്ച തടയണ പ്രദേശവാസികള്‍ പൊളിച്ചു നീക്കി.കുടിവെള്ള ക്ഷാമം നേരിട്ടത്തിനെതുടര്‍ന്നാണ് തടയണ പൊളിച്ചു നീക്കിയത്. റാട്ടകൊല്ലി മലയില്‍ നിന്നും സ്വാഭാവികമായി ഒഴുകുന്ന വെള്ളം തടയണ കെട്ടിയാണ് തോട്ടം നനയ്ക്കുന്നത്.പരാതി നല്‍കിയിട്ടും നടപടിയില്ലാതായതോടെയാണ് തടയണ പൊളിച്ചത്
പ്രദേശവാസികള്‍ പതിറ്റാണ്ടുകളായി മലമുകളില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിച്ചുവരുന്നത്. കഠിനമായ വേനലില്‍ പോലും വെള്ളം മുടങ്ങാറില്ല. എന്നാല്‍ വേനല്‍ ശക്തമായി തുടങ്ങും മുന്‍പേ തന്നെ ഇപ്പോള്‍ വെള്ളം കുറഞ്ഞതോടെയാണ് പ്രദേശവാസികള്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് തോട്ടം ഉടമകള്‍ തടയണ നിര്‍മ്മിച്ചും തോടിനോട് ചേര്‍ന്ന് വലിയ കിണര്‍ നിര്‍മ്മിച്ച ജലം ഊറ്റിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
നഗരസഭയിലെ 16,17 വാര്‍ഡുകളില്‍ താമസിക്കുന്ന കുടുംബങ്ങളാണ് കുടിവെള്ളത്തിനായി പ്രയാസപ്പെടുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ അടിയന്തരമായി ജല ചൂഷണം തടയണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. കല്‍പ്പറ്റ നഗരസഭയില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും ഉയരം കൂടിയ പ്രദേശങ്ങളില്‍ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളം എത്തുന്നില്ല.