ഗജപൃഷ്ഠ ശ്രീകോവില്‍ പുനഃപ്രതിഷ്ഠയ്ക്കൊരുങ്ങി
കേരളത്തിന്റെ തനത് വാസ്തുവിദ്യയും ഉത്തരകേരളീയ ശൈലിയും സമന്വയിപ്പിച്ച് നിര്‍മിച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും പുതിയ ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവില്‍ കാവുംചോലയില് പൂര്‍ത്തിയായി. അര്‍ദ്ധനാരീശ്വരനായ ശിവനെയാണ് ഇവിടെ പുനഃപ്രതിഷ്ഠിക്കുന്നത്. ശ്രീകോവിലിന്റെ പിന്‍ഭാഗം ആനയുടെ പൃഷ്ഠം പോലെ തോന്നിപ്പിക്കുന്നതിലാണ് ഗജപൃഷ്ഠം എന്ന് വിളിക്കുന്നത്.
അര്‍ദ്ധ വൃത്തവും ദീര്‍ഘ ചതുരവും ചേര്‍ന്നതാണ് ഗജപൃഷ്ഠ ക്ഷേത്രത്തിന്റെ നിര്‍മാണ ശൈലി. കേരളത്തില്‍ വളരെ അപൂര്‍വ്വം ക്ഷേത്രങ്ങള്‍ മാത്രമാണ് ഈ രീതിയിലുളളത്. വാസ്തുശാസ്ത്ര വിദഗ്ദ്ധനും വാസ്തുനികേതന് ഡയറക്ടറുമായ ഡോ.പ്രസൂണ്‍ പൂതേരിയാണ് ക്ഷേത്രത്തിന്റെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നത്. എറണാകുളം പറവൂര്‍ പി.എസ്.ഗോപാലകൃഷ്ണനാണ് ക്ഷേത്രത്തിന്റെ മുഖ്യ ശില്പി. 1600 വര്‍ഷത്തിലേറെ പഴക്കമുള്ള കാവുംചോല ശിവക്ഷേത്രം പുതുക്കി പണിയുകയായിരുന്നു. ഈ മാസം 18 മുതല്‍ 22 വരെയാണ് ഇവിടെ പുനഃപ്രതിഷ്ഠാ ഉത്സവം നടക്കുന്നത്. ക്ഷേത്രം തന്ത്രി തന്ത്രരത്നം ചെറുവക്കാട് ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് പ്രതിഷ്ഠാ ക്രിയകള്‍ നടക്കുക. ദുര്‍ഗാദേവി, അയ്യപ്പന്, ഗണപതി, നാഗം, മലക്കാരി, ബ്രഹ്മരക്ഷസ് എന്നീ ഉപദേവീദേവന്മാരും ക്ഷേത്രത്തിലുണ്ട്. 18 ന് ശിവരാത്രി ദിനത്തില്‍ രാവിലെ 6.30 മുതല്‍ വിശേഷാല്‍ പൂജകള്‍, ആരംഭിക്കും 19 ന് ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം, വൈകീട്ട് അഞ്ചിന് കരിക്കാട്ടില്‍ ശ്രീകൃഷ്ണ ക്ഷേത്രം, വരയാല്‍ പുളിയാംപുള്ളി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് വര്‍ണ്ണ ശബളമായ താലപ്പൊലി വരവ് ഉണ്ടാകും. പ്രദേശിക കലാപരിപാടികളും മെഗാ ഷോകളും പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടക്കും .