ഡോക്ടര്‍മാരുടെ പണിമുടക്ക് ജില്ലയില്‍ ഭാഗികം.

0

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ഡോക്ടര്‍മാരുടെ പണിമുടക്ക് ജില്ലയില്‍ ഭാഗികം.മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം പണിമുടക്കില്‍ നിന്ന് മാറിനിന്നപ്പോള്‍ മേപ്പാടിയിലുള്‍പ്പെടെ പലയിടങ്ങളിലും ഒ.പി പ്രവര്‍ത്തനം നിലച്ചു.മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലും സേവനങ്ങള്‍ പതിവ് പോലെ നടന്നു.എന്നാല്‍ ബത്തേരി താലൂക്കില്‍ ഏറെക്കുറേ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു.മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഒപി പ്രവര്‍ത്തിച്ചില്ല.എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള ശസ്ത്രക്രിയകളും അത്യാഹിത വിഭാഗവും മുടക്കമില്ലാതെ നിന്നു.പണിമുടക്ക് വിവരമറിയാതെ ചികിത്സക്കെത്തിയവരെയും പരിശോധിച്ചു.കല്‍പ്പറ്റയില്‍ സ്വകാര്യ ആശുപത്രികളില്‍ ഒപി പ്രവര്‍ത്തന മുള്‍പ്പെടെ തടസ്സമില്ലാതെ നടന്നു. ഇന്ന് രാവിലെ 6 മുതല്‍ 24 മണിക്കൂര്‍ നേരം രാജ്യവ്യാപകമായി ഒ.പി ബഹിഷ്‌കരിക്കാനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചത്.രാജ്യത്തുടനീളമള്ള വിവിധ മെഡിക്കല്‍ സംഘടനകളും പ്രതിഷേധ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കൊല്‍ക്കൊത്തയില്‍ രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പിജി ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നയായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!