വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടിയ കര്‍ഷകന്‍ ഒടുവില്‍ കൃഷിയിടത്തില്‍ വനംവകുപ്പിനായി മുന്നറിപ്പ് ഫ്ളക്സ് സ്ഥാപിച്ചു. കൃഷിയിടത്തില്‍ വന്യമൃഗങ്ങള്‍ കടന്നാല്‍ സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വനംവകുപ്പിനായിരിക്കും ഉത്തരവാദിത്വം എന്നെഴുതിയ ഫളക്സാണ് വടക്കനാട് കരിപ്പൂര്‍ കൈനിക്കല്‍ ബെന്നി തന്റെ കൃഷിയിടാതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ വൈല്‍ഡ് ലൈഫ് വാര്‍ഡന് ഇതുസംബന്ധിച്ച് രജിസ്ട്രേഡ് കത്തുമയച്ചതായും കര്‍ഷകന്‍.
നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട് വള്ളുവാടി പള്ളിവയല്‍ മേഖലകള്‍ വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിനൊരു ശാശ്വതമായി പരിഹാരം വേണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തി ഇവിടത്തെ കര്‍ഷക ജനത മടുത്തു. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന് മുന്നറിയിപ്പുമായി കര്‍ഷകന്‍ രംഗത്തെത്തയത്. എന്റ് കൃഷിഭൂമിയില്‍ നിങ്ങളുടെ ഉടമസ്ഥതയിലുളള വന്യജീവികള്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. അറിയിപ്പ് മാനിക്കാതെ വന്യജീവികള്‍ എന്റെ സ്ഥലത്ത് പ്രവേശിച്ചാല്‍ അതുമൂലമുണ്ടാകുന്ന സര്‍വ്വകഷ്ടനഷ്ടങ്ങള്‍ക്കും വനംവകുപ്പ് മാത്രമായിരിക്കും ഉത്തരവാദി എന്നെഴുതിയ ഫളക്സാണ് വടക്കനാട് കരിപ്പൂരിലെ കൈനിക്കല്‍ ബെന്നി എന്ന കര്‍ഷകന്‍ കൃഷിയിടാതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്നത്. തങ്ങള്‍ കാട് കയ്യേറാനോ മൃഗങ്ങളെ ഉപദ്രവിക്കാനോ പോകുന്നില്ല, അതിനാല്‍ തന്നെ വന്യമൃഗങ്ങള്‍ തന്റെ കൃഷിയിടത്തിലും കടക്കരുതെന്ന മുന്നറിയിപ്പ് ഫ്ളക്സ് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലേക്കായാണ് കൃഷിയിടത്തിനോട് ചേര്‍ന്ന് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന് രജിസ്ട്രേഡ് കത്തയച്ചതായും കര്‍ഷകനായ ബെന്നികൈനിക്കല്‍ പറഞ്ഞു. ആന, കടുവ, പന്നി, മാന്‍, കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം പ്രദേശത്തെ കര്‍ഷകര്‍ക്ക് കൃഷിചെയ്ത് ജീവിക്കാനാവാത്ത സാഹചര്യമാണുള്ളത്. രാപ്പകല്‍ വ്യത്യാസമില്ലാതെ കാവലിരുന്നാലും വന്യമൃഗങ്ങള്‍ കാടിറങ്ങിയെത്തി കൃഷികള്‍ നശിപ്പിക്കുകയാണ്. കൂടാതെ പേരുനുമാത്രം ലഭിക്കുന്ന നഷ്ടപരിഹാരതുക കിട്ടണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തരിക്കുകയും വേണം. ഈ സാഹചര്യത്തില്‍ കൂടിയാണ് വനംവകുപ്പിന് മുന്നറിയിപ്പുമായി കര്‍ഷകന്‍ ഫളക്സ് ബോര്‍ഡ് സ്ഥാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.