പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കന്നുകാലികളില്‍ പടരുന്ന ചര്‍മമുഴയ്‌ക്കെതിരെ പ്രതിരോധ കുത്തിവെപ്പെടുത്ത പശുക്കള്‍ കുഴഞ്ഞു വീണു. തറപ്പത്തു കവലയിലെ ഫാം ഉടമ ചെറിയമ്പനാട്ട് അപ്പച്ചന്റെ 3 പശുക്കളാണ് തൊഴുത്തില്‍ കുഴഞ്ഞു വീണത്. ഫാമിലെ 45 പശുക്കള്‍ക്ക് 5 ദിവസം മുമ്പാണ് മൃഗസംരക്ഷണ വകുപ്പ് കുത്തിവെപ്പ് നടത്തിയത്.
20 ലിറ്റര്‍ കറവയുളള ഒരു പശുവിന് ഇപ്പോള്‍ തുള്ളിപ്പാലില്ല. 8 മാസം ഗര്‍ഭമുള്ളതും കടിഞ്ഞുല്‍ ഗര്‍ഭമുള്ളതുമായ 2 പശുക്കളുമാണ് രോഗം മുര്‍ച്ഛിച്ച് വീണത്. ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗചികിത്സാ വിഭാഗം സ്ഥലത്തെത്തി പശുക്കള്‍ക്ക് ചികിത്സ നല്‍കി. വീണു കിടക്കുന്ന ഇവയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം നടന്നു വരുന്നു. പ്രതിരോധ കുത്തിവെപ്പിന്റെ പ്രതിപ്രവര്‍ത്തനമാണ് പശുക്കളെ അവശരാക്കിയതെന്ന് ഫാം ഉടമ അപ്പച്ചന്‍ പറയുന്നു. ഫാമിലെ എല്ലാ മൃഗങ്ങള്‍ക്കും രോഗം പടരുന്നുണ്ട്. കൈകാല്‍ മുട്ടുകളിലുണ്ടായ മുഴ ശരീരമാകെ വ്യാപിച്ച് പശുക്കള്‍ അവശനിലയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. കബനി ഗിരിയിലും പശുക്കള്‍ക്ക് ചര്‍മ്മ മുഴ രോഗം വ്യാപിക്കുന്നുണ്ട്. കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലാണ് കുടുതല്‍ പ്രശ്‌നങ്ങളെന്നും കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ മൃഗസംരക്ഷണവകുപ്പിന്റെ ഭാഗത്ത് നിന്ന് അടിയന്തിര പ്രതിരോധ നടപടി സ്വീകരിക്കണമെന്നാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം.