സംസ്ഥാനത്തു പകര്‍ച്ചപ്പനികള്‍ പിടിമുറുക്കുന്നു.25 ദിവസത്തിനിടെ കോവിഡൊഴികെയുള്ള പകര്‍ച്ച വ്യാധികള്‍ ബാധിച്ച് 18 മരണം സ്ഥിരീകരിച്ചു. ഈ മാസം മാത്രം പനിക്കു ചികില്‍സ തേടിയതു 3 ലക്ഷത്തോളം പേരാണ്. ജൂണ്‍ മാസത്തില്‍ 500 പേര്‍ക്ക് ഡെങ്കിപ്പനിയും 201 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. നീണ്ടു നില്‍ക്കുന്ന പനിയെ ജാഗ്രതയോടെ കാണണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.ഡെങ്കിപ്പനി, എലിപ്പനി, ചെള്ളു പനി, തക്കാളിപ്പനി തുടങ്ങി പലവിധ പകര്‍ച്ചപ്പനികളാണു സംസ്ഥാനത്ത് ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂട്ടത്തില്‍ കോവിഡും. ജൂണ്‍ 1 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ പകര്‍ച്ചപനി ബാധിച്ച് 18 പേരുടെ ജീവന്‍ പൊലിഞ്ഞു. 6 എലിപ്പനി മരണങ്ങളും 2 ഡെങ്കിപ്പനി മരണങ്ങളും ഉള്‍പ്പെടെയാണിത്. കോവിഡ് മരണങ്ങള്‍ കൂടാതെയാണ് ഈ കണക്ക്. ശനിയാഴ്ച ഒറ്റ ദിവസം പനിക്ക് ചികില്‍സ തേടിയത് 14731 പേര്‍.13 പേര്‍ക്ക് ഡെങ്കിപ്പനിയും 8 പേര്‍ക്ക് എലിപ്പനിയും 6 പേര്‍ക്ക് ചെള്ളുപനിയും സ്ഥിരീകരിച്ചു. 83 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികില്‍സ തേടി. ഈ മാസമാകെ 2,79,103 പേര്‍ പനിക്കു ചികില്‍സ തേടിയതായി ആരോഗ്യവകുപ്പ്് വെബ്‌സൈറ്റിലുണ്ട്. ജൂണ്‍ 1 മുതല്‍ 25 വരെ 500 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1907 പേര്‍ക്ക് രോഗം സംശയിക്കുന്നു. 201 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 306 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി.52 പേര്‍ക്ക് ചെളളുപനി സ്ഥിരീകരിച്ചു. 60696 പേര്‍ വയറിളക്ക രോഗങ്ങള്‍ ബാധിച്ചും ചികില്‍സയ്‌ക്കെത്തി. പനിയെ നിസാരമായി കാണരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ വൈറല്‍ പനിയാണ് കൂടുതല്‍ പേരെയും ബാധിച്ചിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.