നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമ്പലവയല്‍ ചിങ്ങേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് നാളെ തുടക്കമാകും.പരശുരാമനും അമ്മ രേണുക ദേവിയുമാണ് ഈ ക്ഷേത്രത്തിലെ ദൈവസങ്കല്‍പങ്ങള്‍.സംസ്ഥാനത്തിനകത്തുനിന്നും പുറത്ത് നിന്നും നൂറ് കണക്കിന് വിശ്വാസികളാണ് മഹോത്സവത്തിന് ഇവിടെ എത്താറുള്ളത്.ദാരു പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമ്പലവയല്‍ ചീങ്ങേരി ഭഗവതി ക്ഷേത്രം.
കാലങ്ങളായി തുടങ്ങിയ ഉത്സവം ഇപ്പോഴും നാനാജാതി മതസ്ഥരുടെ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്.
ഏറിയ കൂറും കര്‍ഷകരായ നാട്ടുകാര്‍ തങ്ങളുടെ വിളവില്‍ നിന്ന്‌കൊണ്ടുവരുന്ന പച്ചക്കറികളും ധാന്യങ്ങളും അമ്പലക്കാവില്‍ കൊണ്ടുവന്നു സദ്യ ഉണ്ടാക്കി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. രാത്രി അമ്പലമുറ്റത്ത് അന്തിയുറങ്ങി മലദൈങ്ങളുടെ തിറയാട്ടം കണ്ട് അനുഗ്രഹം വാങ്ങി രാവിലെയാണ് വിശ്വാസികള്‍ വീട്ടിലേക്ക് മടങ്ങുന്നത്. പ്രദേശത്തെ വിവിധ ഗോത്ര ജനങ്ങള്‍ അവരുടെ അനുഷ്ഠാന കലകള്‍ അവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്. ജനുവരി 25,26 തീയതികളിലാണ് തിറ മഹോത്സവം നടക്കുന്നത്. കരിയാത്തന്‍ കാളിമലത്തമ്പുരാന്‍ പരശുരാമന്‍ കെട്ടുകാരന്‍ ഇങ്ങനെ നാല് തെയ്യങ്ങളും ഭഗവതിയുടെ വെളിച്ചപ്പാടും ഉത്സവത്തില്‍ ഉണ്ടാകും.
ടിപ്പുസുല്‍ത്താന്റെ പടയോട്ട കാലത്ത് സുല്‍ത്താന്‍ ക്ഷേത്രമാക്രമിക്കാന്‍ ശ്രമിച്ചുവെങ്കിലും തേനീച്ചകള്‍ സൈന്യത്തെ കുത്തിയോടിച്ചു എന്നു പഴമക്കാര്‍ പറയുന്നു .പഴശ്ശിയുടെ സൈന്യത്തിലെ കുറുമ വിഭാഗത്തില്‍പ്പെട്ട ഒരു സൈനികന്‍ മുളം കൂട്ടങ്ങള്‍ ക്കിടയില്‍ ഒളിച്ചിരുന്ന് ടിപ്പുവിന്റെ ഒരു സൈന്യകനെ അമ്പെയ്ത് വീഴ്ത്തി എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ക്ഷേത്രത്തിലെ ആചാരങ്ങളും ഉത്സവവും വയനാടന്‍ ചെട്ടി സമുദായത്തില്‍പെട്ടവരുടെ നേതൃത്വത്തില്‍ നടക്കുന്നത്.