മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലെ കൂട്ടിലെത്തിച്ച മോഴയാനക്ക് ഇന്ന് മുതല്‍ ഭക്ഷണം നല്‍കി തുടങ്ങും. കൂടിന്റെ കഴകളില്‍ മസ്തകം കൊണ്ട് ഇടിച്ച് കുറുമ്പു തുടരുന്ന പിഎം 2 കഴിഞ്ഞ രാത്രിയില്‍ കൂടിനു മുകളില്‍ ഇട്ട ഗ്രീന്‍ നെറ്റ് വലിച്ചു താഴെയിട്ടു. ആളുകളുമായി അടുക്കാന്‍ രണ്ടാഴ്ച്ച സമയമെടുക്കുമെന്നാണ് വനപാലകര്‍ പറയുന്നത്.ആളുകളെ പന്തിയിലേക്ക് കര്‍ശനമായി നിരോധിച്ചിട്ടുമുണ്ട്
കഴിഞ്ഞ ദിവസം മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലെ കുട്ടിലടച്ച മോഴയാന പന്തല്ലൂര്‍ മക്കനയുടെ അസ്വസ്തതകള്‍ വിട്ടുമാറിയിട്ടില്ല. കഴകളില്‍ ഇടിച്ച് കൂട് പൊളിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടത്തുന്നുണ്ട്. രണ്ട് ദിവസം ഇത്തരത്തിലുള്ള ശ്രമങ്ങള്‍ തുടരുമെന്നും പിന്നിട് ശാന്തനാകുമെന്നാണ് വനപാലകര്‍ പറയുന്നത്. ആളുകളെ കാണുമ്പോള്‍ അസ്വസ്തത കാട്ടുന്നതിനാല്‍ കൂടിനു ചുറ്റും മുകളിലും ഗ്രീന്‍ നെറ്റ് ഇന്നലെ തന്നെ വലിച്ചുകെട്ടിയിരുന്നു. ഇത് കഴിഞ്ഞ രാത്രിയില്‍ മോഴ വലിച്ചു താഴെയിട്ടു. ഇന്നലെ മുതല്‍ വെളളം നല്‍കുന്നുണ്ട്. ഇന്നു മുതല്‍ ആനക്ക് ഭക്ഷണം നല്‍കി തുടങ്ങും. രാവിലെ പുല്ലും വൈകിട്ട് ചോറും നല്‍കാനാണ് നീക്കം. അസ്വസ്തത കാണിക്കുന്നുണ്ടെങ്കിലും ആനയുടെ ആരോഗ്യനില തൃപ്തികരമാണ്. ആനയുടെ ദൈന്യം ദിന കാര്യങ്ങള്‍ നോക്കാന്‍ പന്തിയിലെ ബാലുവെന്ന പാപ്പാനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.