കുളിര്‍മാവ്കുന്ന് കോളനി റോഡ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: വര്‍ഷങ്ങളായുള്ള ഒരു പ്രദേശത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി കുളിര്‍മാവ്കുന്ന് കോളനി റോഡ് ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. ആദിവാസി കോളനികളും നിരവധി കുടുംബങ്ങളുടെയും ഏക ആശ്രയമായിരുന്ന റോഡ് വര്‍ഷങ്ങളായി ടാറിംഗ് നടത്തിയിരുന്നില്ല. സോളിംഗ് മാത്രമുള്ള റോഡില്‍ കാലവര്‍ഷത്തിലും മറ്റും കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായി മാറിയിരുന്നു. വാഹന യാത്രയും ഏറെ ദുരിതം നിറഞ്ഞതായിരുന്നു. എം.എല്‍.എ യുടെ 2017 – 18 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പൂര്‍ണ്ണമായും ടാറിംഗ് പൂര്‍ത്തീകരിച്ചത്. തൃശ്ശിലേരിയില്‍ നിന്നും മുള്ളന്‍കൊല്ലി കവലയിലേക്കുള്ള എളുപ്പമാര്‍ഗ്ഗം കൂടിയാണിത്. ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ നാട്ടുകാര്‍ സ്വീകരിച്ചത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സാലി വര്‍ഗീസ്, കെ സിജിത്ത്, എം മുരളി, പി ആര്‍ സുനില്‍, പി സൗമിനി, ബോളന്‍ എന്നിവര്‍ സംസാരിച്ചു.