പാടങ്ങളെ കൃഷിയോഗ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം മന്ത്രി റോഷി അഗസ്റ്റിന്‍

0

 

അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. പാടങ്ങളെ കൃഷിയോഗ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ജല വിഭവ വകുപ്പ് കൃഷി വകുപ്പുമായി സഹകരിച്ച് കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കിക്കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ 75 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കാന്‍ കഴിയും. സമീപ പ്രദേശത്തെ കൃഷിക്കു കൂടി ഗുണപ്രദമാകും വിധം കനാലിന്റെ ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് 20 ലക്ഷം രൂപ അധികമായി മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.

2024 ഓടെ എല്ലാ പഞ്ചായത്തുകളിലെയും വീടുകളില്‍ ശുദ്ധമായ കുടിവെള്ളം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം.കെ മനോജ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പി രാഹുല്‍ ഗാന്ധിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. അരിവയല്‍, നെല്ലിക്കണ്ടം പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി ജലവിഭവ വകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. വെള്ളം പമ്പ് ചെയ്ത് പൈപ്പ് ലൈനിലൂടെ ടാങ്കിലേക്ക് എത്തിച്ച് കോണ്‍ക്രീറ്റ് കനാല്‍ മുഖേന 50 ഹെക്ടറോളം വരുന്ന സ്ഥലത്ത് നെല്‍കൃഷിയും 20 ഹെക്ടറോളം വരുന്ന സ്ഥലത്ത് മറ്റ് കൃഷിയും ചെയ്യാന്‍ ഉതകുന്ന വിധത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍, പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി സാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലതാ ശശി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വാസുദേവന്‍, വാര്‍ഡ് മെമ്പര്‍മാരായ സുനിഷ മധുസൂദനന്‍, ധന്യ സാബു, ശാരദാ മണി, അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.പി ഷൈലിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!