കണ്ണീരോടെ മടങ്ങി ബ്രസീല്‍; ക്രൊയേഷ്യ സെമിയില്‍

0

ക്രൊയേഷ്യക്കെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 21കാരന്‍ റോഡ്രിഗോയെയാണ് ആദ്യ കിക്ക് എടുക്കാന്‍ ടിറ്റെ വിട്ടത്. ബ്രസീലിന്റെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന റോഡ്രിഗോയ്ക്ക് പന്ത് വലയിലെത്തിക്കാനായില്ല. അവസാന കിക്ക് എടുത്ത മാര്‍ക്വിഞ്ഞോസിന്റെ ശ്രമം ഗോള്‍പോസ്റ്റില്‍ തട്ടിയകന്നു… ഒരിക്കല്‍ കൂടി ക്വാര്‍ട്ടറില്‍ കാലിടറി വീണ് കാനറിപ്പട. ഖത്തറില്‍ നിന്ന് കണ്ണീരോടെ മടങ്ങി നെയ്മറും സംഘവും.

കഴിഞ്ഞ അഞ്ച് ലോകകപ്പുകളിലായി ഇത് നാലാം വട്ടമാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനവില്‍ പുറത്താവുന്നത്. തങ്ങളുടെ മറ്റൊരു നോക്കൗട്ട് മത്സരം കൂടി അധിക സമയത്തേക്കും പെനാല്‍റ്റിയിലേക്കും നീട്ടി ജയം പിടിച്ച് ക്രൊയേഷ്യ. മഞ്ഞയില്‍ നിറഞ്ഞു നിന്ന എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തെ ഞെട്ടിച്ച് ബ്രസീലിനെ 4-2ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി മോഡ്രിച്ചും കൂട്ടരും സെമിയില്‍.

അധിക സമയത്ത് നെയ്മറില്‍ നിന്നും പെറ്റ്‌കോവിച്ചില്‍ നിന്നും വന്ന ഗോളുകളാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ റോഡ്രിഗോയുടെ കിക്ക് നഷ്ടമായത് ബ്രസീലിനെ സമ്മര്‍ദത്തിലാക്കിയപ്പോള്‍ മറുവശത്ത് ക്രൊയേഷ്യന്‍ മുന്നേറ്റത്തിന് തടയിടാന്‍ ആലിസണ്‍ ബെക്കറിനായില്ല. പെഡ്രോയ്ക്കും കാസെമെറോയ്ക്കും മാത്രമാണ് ബ്രസീലിനായി ലക്ഷ്യം കാണാനായത്. മറുവശത്ത് വ്ലാസിച്ചും ലോവ്റോയും മോഡ്രിച്ചും മിസ്ലവുമെല്ലാം പന്ത് കൃത്യമായി വലയിലെത്തിച്ചു.

ക്രൊയേഷ്യ മേല്‍ക്കൈ നേടിയ ആദ്യ പകുതിയായിരുന്നു ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലേത്. 12ാം മിനിറ്റില്‍ വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ക്രോസ് വന്നെങ്കിലും പന്ത് കൃത്യമായ് കണക്ട് ചെയ്യാന്‍ പെരിസിച്ചിന് കഴിയാതിരുന്നതോടെ ബ്രസീല്‍ രക്ഷപെട്ടു. 20ാം മിനിറ്റില്‍ ആദ്യം വിനിഷ്യസും തൊട്ടു പിന്നാലെ നെയ്മറില്‍ നിന്നും മികച്ച നീക്കം വന്നെങ്കിലും ഫലമുണ്ടായില്ല. ബോക്‌സിനുള്ളിലേക്ക് കയറി വന്ന് നെയ്മറില്‍ നിന്ന് വന്ന ഷോട്ട് നേരെ ഗോള്‍കീപ്പറുടെ കയ്യില്‍. 41 മിനിറ്റില്‍ വിനീഷ്യസിനെ വീഴ്ത്തിയതിന് ബ്രസീലിന് ലഭിച്ച ഫ്രീകിക്ക് നെയ്മര്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് എടുത്തെങ്കിലും ഗോള്‍കീപ്പറുടെ കയ്യിലൊതുങ്ങി.

രണ്ടാം പകുതിയില്‍ 55ാം മിനിറ്റില്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി റിച്ചാര്‍ലിസനില്‍ നിന്ന് ലഭിച്ച പാസുമായി നെയ്മര്‍ സിക്‌സ് യാര്‍ഡ് ബോക്‌സിലെത്തിയെങ്കിലും ശരിയായ കണക്ഷന്‍ കണ്ടെത്താന്‍ നെയ്മറിന് കഴിഞ്ഞില്ല. 66ാം മിനിറ്റില്‍ ലോവ്‌റനേയും ഗ്വാര്‍ഡിയോളയേയും മറികടന്ന് പക്വെറ്റെയ്ക്ക് മുന്‍പില്‍ ഗോള്‍ കീപ്പര്‍ മാത്രമെന്ന നിലവന്നെങ്കിലും ഫിനിഷിങ്ങില്‍ പിഴച്ചു.

76ാം മിനിറ്റില്‍ റോഡ്രിഗോയും റിച്ചാര്‍ലിസനും ചേര്‍ന്നുള്ള കളിമെനയിലൂടെ പന്ത് നെയ്മറുടെ കാലിലേക്ക്. തൊട്ടുമുന്‍പില്‍ നിന്ന് നെയ്മറിന്റെ ഷോട്ട് വന്നെങ്കിലും ഒരിക്കല്‍ കൂടി ലിവാകോവിച്ചിനെ മറികടക്കാനായില്ല. 79ാം മിനിറ്റില്‍ പക്വെറ്റയുടെ മികച്ച ഷോട്ട് വന്നെങ്കിലും നേരെ ഗോള്‍കീപ്പറുടെ കയ്യിലൊതുങ്ങി.

98ാം മിനിറ്റില്‍ നല്ലൊരവസരം തേടിയെത്തി. റോഡ്രിഗോയുടെ ഇടത് വിങ്ങില്‍ നിന്നുള്ള ക്രോസ് ക്രൊയേഷ്യയുടെ ബോക്‌സിനുള്ളിലേക്ക് വന്നെങ്കെലും പക്വെറ്റയ്ക്ക് പന്തിലേക്ക് കാലെത്തിക്കാനായില്ല. ഒടുവില്‍ ഗോളിനായി അക്ഷമയോടെ കാത്തിരുന്ന ആരാധകരുടെ മനം നിറച്ചാണ് നെയ്മറുടെ ഗോളെത്തിയത്. ബോക്‌സിനുള്ളിലേക്ക് വണ്‍ ടു കളിച്ചെത്തിയ നെയ്മര്‍ ലിവാകോവിച്ചിനെ മറികടന്ന് ഗംഭീര ഫിനിഷിലൂടെ പന്ത് വലയിലാക്കി.

ബ്രസീല്‍ സെമിയിലേക്ക് എന്ന് ആരാധകര്‍ വിശ്വസിച്ച് വരുമ്പോഴായിരുന്നു 117 മിനിറ്റില്‍ ക്രൊയേഷ്യ സമനില പിടിച്ചത്. മോഡ്രിച്ചില്‍ നിന്ന് പന്ത് പെറ്റ്‌കോവിച്ചിലേക്ക്. പെറ്റ്‌കോവിച്ചിന്റെ ഷോട്ട് ചെറിയൊരു ഡിഫ്‌ലക്ഷനിലൂടെ വലയിലേക്ക്. ആലിസണ്‍ ഡൈവ് ചെയ്ത് എത്തും മുന്‍പേ പന്ത് വലയിലെത്തി.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!