രക്ഷകനായി എമിലിയാനോ മാര്‍ട്ടിനസ്, ഓറഞ്ച് പടയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീന

0

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായപ്പോള്‍ കിരീടത്തോട് ഒരുപടി കൂടി അടുത്ത് മെസിയും സംഘവും. നെതര്‍ലന്‍ഡ്സിന്റെ രണ്ട് കിക്കുകള്‍ എമിലിയാനോ തടഞ്ഞിട്ടപ്പോള്‍ ആറാം വട്ടം ലോകകപ്പ് സെമിയിലേക്ക് അര്‍ജന്റീന എത്തി. ഷൂട്ടൗട്ടില്‍ 3-4നാണ് അര്‍ജന്റീനയുടെ ജയം.

അര്‍ജന്റീനക്കായി കിക്ക് എടുത്തവരില്‍ എന്‍സോ ഫെര്‍ണാണ്ടസിന് മാത്രമാണ് പിഴച്ചത്. 2-0 എന്ന സ്‌കോറിലേക്ക് എത്തിയ അര്‍ജന്റീനയെ ഇഞ്ചുറി ടൈമിലെ ഗോളില്‍ സമനിലയില്‍ കുരുക്കിയാണ് നെതര്‍ലന്‍ഡ്സ് കളി അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീട്ടിയത്. 35ാം മിനിറ്റില്‍ മോളിനയുടെ തകര്‍പ്പന്‍ ഗോളിലൂടെ മുന്‍പിലെത്തിയ അര്‍ജന്റീനയ്ക്ക് 75ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കി മെസി ലീഡ് നല്‍കി.

എന്നാല്‍ 83ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും വല കുലുക്കി വെഗോര്‍സ്റ്റ് കളി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു. മെസി, ലിയാന്‍ഡ്രോ പരദെസ്, ഗോണ്‍സാലോ മോണ്ടിയല്‍, ലൗതാരോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. നെതര്‍ലന്‍ഡ്സിനായി ടിയൂന്‍ കൂപ്പ്മെയ്നേഴ്സ്, വൗട്ട് വെഗോര്‍സ്റ്റ്, ലൂക്ക് ഡിയോങ് എന്നിവര്‍ നെതര്‍ലന്‍ഡ്സിനായി ലക്ഷ്യം കണ്ടു.

അര്‍ജന്റീനയെ സമനിലയില്‍ പിടിച്ച് വെഗോര്‍സ്റ്റ്

ആദ്യ പകുതിയില്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയാണ് ഇരുകൂട്ടരും കളിച്ചത്. 16 മഞ്ഞക്കാര്‍ഡുകള്‍ കണ്ട മത്സരത്തില്‍ 31ാം മിനിറ്റില്‍ അര്‍ജന്റീനയുടെ സഹപരിശീലകന്‍ വാള്‍ട്ടര്‍ സാമുവലിനും റഫറി യെല്ലോ കാര്‍ഡ് കാണിച്ചു. ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മഞ്ഞക്കാര്‍ഡ് കണ്ടതിന്റെ റെക്കോര്‍ഡും അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് പോരിലേക്ക് വരുന്നു.

മെസിയുടെ തകര്‍പ്പന്‍ പാസില്‍ നിന്നായിരുന്നു മൊളീന വല കുലുക്കിയത്. മൊളിനയെ തടയാന്‍ വാന്‍ഡൈക്കിനും നൊപ്പര്‍ട്ടിനും കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കും മുന്‍പ് മെസി നെതര്‍ലന്‍ഡ്സ് താരങ്ങളെ വെട്ടിച്ച് മുന്‍പിലേക്ക് കയറി ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോള്‍കീപ്പറുടെ കയ്യിലൊതുങ്ങി.

62ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസി വല കുലുക്കുമെന്ന് തോന്നിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 71ാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് ലീഡ് ഉയര്‍ത്താന്‍ പാകത്തില്‍ പെനാല്‍റ്റി ലഭിച്ചത്. അക്യുനയെ ബോക്സിനുള്ളില്‍ ഡംഫ്രീസ് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്ക് എടുത്ത മെസിക്ക് പിഴച്ചില്ല. മെസിയുടെ പെനാല്‍റ്റി തടഞ്ഞിടും എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്ന നെപ്പാര്‍ട്ട് പക്ഷേ നിസഹായനായി.

ഹെഡ്ഡറിലൂടെയാണ് 83ാം മിനിറ്റില്‍ വെഗോര്‍സ്റ്റാണ്‍ വല കുലുക്കിയത്. കളിയില്‍ നെതര്‍ലന്‍ഡ്സില്‍ നിന്ന് ഓണ്‍ ടാര്‍ഗറ്റിലേക്ക് വന്ന ആദ്യ ഷോട്ടും ഇതാണ്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ അനാവശ്യമായി അര്‍ജന്റീന വഴങ്ങിയ ഫ്രീകിക്ക് ആണ് വല കുലുക്കാന്‍ നെതര്‍ലന്‍ഡ്സിന് വഴി തുറന്നത്.

നേരെ പോസ്റ്റിലേക്ക് കിക്ക് എടുക്കാതെ കൂപ്പ്മെയ്നേഴ്സ് പന്ത് വെഗോര്‍സ്റ്റിന് നല്‍കി. അര്‍ജന്റീനയുടെ പ്രതിരോധമതിലിന് ഇടയിലൂടെ പന്ത് കൈക്കലാക്കിയ വെഗോര്‍സ്റ്റിന്‍ പന്ത് വലയിലാക്കി. 113ാം മിനിറ്റില്‍ അര്‍ജന്റീന വിജയ ഗോള്‍ നേടുമെന്ന് തോന്നിച്ചെങ്കിലും വാന്‍ഡൈക്ക് വില്ലനായെത്തി. ലൗതാരോ മാര്‍ട്ടിനസിന്റെ ശ്രമമാണ് വാന്‍ഡൈക്ക് തടഞ്ഞത്. എന്‍സോയുടെ ഷോട്ട് ബാറിലിടിച്ച് പോയതും അര്‍ജന്റീനക്ക് തിരിച്ചടിയായി.

Leave A Reply

Your email address will not be published.

error: Content is protected !!