ഫിഫ ലോകകപ്പില്‍ ഓസ്ട്രേലിയന്‍ കുതിപ്പിന് വിരാമമിട്ട് അര്‍ജന്റീന ക്വാര്‍ട്ടറില്‍. ആദ്യപകുതിയില്‍ ലയണല്‍ മെസിയുടെ രണ്ടാംപകുതിയില്‍ ജൂലിയന്‍ ആല്‍വാരസും അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയപ്പോള്‍ 2-1ന് ജയം സ്വന്തമാക്കി. എട്ട് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ് അര്‍ജന്റീന.
മത്സരത്തിന്റെ തുടക്കം മുതല്‍ അര്‍ജന്റീന ആക്രമിച്ച് കളിക്കുകയായിരുന്നു. പന്ത് ഭൂരിഭാഗം സമയവും കൈവശം വെച്ചത് അര്‍ജന്റീനയാണ്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റില്‍ മെസിയുടെ മനോഹര ഫിനിഷിംഗ്. ഫ്രീകിക്കില്‍ നിന്ന് തുടങ്ങി വലയില്‍ അവസാനിച്ചൊരു സുന്ദര ഗോള്‍. മെസിയെടുത്ത കിക്ക് സൗട്ടര്‍ തട്ടിയകറ്റിയെങ്കിലും പന്ത് വീണ്ടും നേടിയെടുത്ത മെസി മാക് അലിസ്റ്ററിന് പാസ് ചെയ്തു. പിന്നെ ബോള്‍ എത്തിയത് ഡീ പോളിലേക്ക്. അവിടേനിന്ന് വീണ്ടും മെസിയിലെത്തിയ പന്തിനെ ഞൊടിയിടയില്‍ വലയിലെത്തിക്കുകയായിരുന്നു സൂപ്പര്‍ താരം. മെസ്സിയുടെ ഒന്‍പതാം ലോകകപ്പ് ഗോളാണിത്. ഖത്തര്‍ ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ താരത്തിന്റെ ആദ്യ ഗോളും.
രണ്ടാംപകുതിയുടെ 57-ാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്റീന ലീഡ് രണ്ടാക്കി. പക്ഷെ 77-ാം മിനിറ്റില്‍ ഒരു ട്വിസ്റ്റുണ്ടായി. എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങി. ക്രെയ്ഗ് ഗുഡ്വിന്റെ ലോങ്റേഞ്ചര്‍ എന്‍സോയുടെ തലയില്‍ തട്ടി വലയിലെത്തി. അടുത്ത ഗോളിനായി ഇരു ടീമുകളും പൊരുതിയെങ്കിലും അര്‍ജന്റീന 2-1ന് മത്സരം സ്വന്തമാക്കി.
പ്രൊഫഷനല്‍ കരിയറില്‍ ലിയോണല്‍ മെസി ഇന്നലെ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. കരിയറിലെ ആയിരാമത്തെ മത്സരത്തില്‍ താരം ഗോള്‍ കുറിച്ചത് ആരാധകരെ ആവേശത്തിലാക്കി. ഡിസംബര്‍ 9ന് ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സാണ് അര്‍ജന്റീനയുടെ എതിരാളികള്‍.