വൈകിട്ട് 6 മുതല്‍ 10 വരെ വൈദ്യുതി നിരക്ക് കൂട്ടണം: ആവശ്യവുമായി കെഎസ്ഇബി

0

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു.കെഎസ്ഇബിയുടെ തീരുമാനം ഗാര്‍ഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ ഉയരാന്‍ ഇടയാക്കും. വന്‍കിട ഉപയോക്താക്കള്‍ പുറത്തുനിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവര്‍ത്തനം താളംതെറ്റുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണു നിര്‍ദേശം. നടപ്പായാല്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്തു സാധാരണ നിരക്കും വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയുള്ള പീക് അവേഴ്‌സില്‍ കൂടിയ നിരക്കും രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെയുള്ള ഓഫ് പീക് അവേഴ്‌സില്‍ നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കുമാവും ഈടാക്കുക.

എല്ലാ ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച ശേഷമേ പുതിയ ബില്ലിങ് രീതി നടപ്പാക്കാന്‍ കഴിയൂ. വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ച ഘട്ടത്തില്‍ ഈ നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും എതിര്‍പ്പുകള്‍ മൂലം ഉപേക്ഷിച്ചു. 20 കിലോവാട്ടില്‍ കൂടുതല്‍ ഉപയോഗമുള്ള വ്യവസായങ്ങള്‍ക്കും പ്രതിമാസം 500 യൂണിറ്റില്‍ കൂടുതലുള്ളവര്‍ക്കും നിലവില്‍ ഇത്തരത്തിലാണു ബില്ലിങ്. വ്യവസായങ്ങള്‍ക്ക് വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ 50% അധിക നിരക്കും രാത്രി 10 മുതല്‍ രാവിലെ 6 വരെ 25% ഇളവും ഉണ്ട്.
എന്നാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചുരുക്കം വ്യവസായങ്ങള്‍ക്കേ ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. വൈദ്യുതി നിരക്ക് കൂടുന്ന സമയത്ത് ഉപയോഗം കുറയുമെന്നതിനാല്‍ കെഎസ്ഇബി പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി കുറയ്ക്കാന്‍ കഴിയും. പകല്‍ സമയം സ്വന്തം ഉല്‍പാദനം ഉപയോഗിക്കാനും പീക് അവറില്‍ വൈദ്യുതി വാങ്ങല്‍ കുറയ്ക്കാനും കഴിയുകയും ഉപയോക്താക്കളില്‍നിന്ന് അധിക തുകയും ലഭിക്കുകയും ചെയ്യുമ്പോള്‍ വരുമാനം കുറയാതെ മുന്നോട്ടു പോകാമെന്നാണു ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!