വീടുകളിൽ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതി 11 ജില്ലകളിൽ

0

ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി 11 ജില്ലകളിൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശരീരത്തിനുള്ളിൽ തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയൽ ഡയാലിസിസ്. ആശുപത്രികളിൽ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വർധിപ്പിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നിലവിൽ ഈ സൗകര്യമുള്ളത്. ബാക്കിയുള്ള മൂന്ന് ജില്ലകളിൽ കൂടി ഉടൻ തന്നെ പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികളിൽ വരെ പ്രതിമാസം 36,000 മുതൽ 39,000 വരെ ഡയാലിസിസുകളാണ് നടത്തുന്നത്. താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് നടത്തുന്നുണ്ട്. 92 ആശുപത്രികളിലായി 937 ഡയലിസിസ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

\ഡയാലിസിസ് നടത്തുന്നവർക്ക് കോവിഡ് ബാധിച്ചാൽ പിന്നീട് ഡയാലിസിസ് നിഷേധിക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ കർശന നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാവരും അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!