നാല് കളി, മൂന്ന് അര്‍ധ സെഞ്ച്വറികള്‍- വിരാട് കോഹ്ലി ഐസിസിയുടെ മികച്ച താരം

0

ഒക്ടോബര്‍ മാസത്തിലെ മികച്ച താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക്. സിംബാബ്വെയുടെ സിക്കന്ദര്‍ റാസ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ എന്നിവരെ പിന്തള്ളിയാണ് കോഹ്ലി പുരസ്‌കാരം സ്വന്തമാക്കിയത്.

ടി20 ലോകകപ്പിലെ മിന്നും ഫോമാണ് മുന്‍ ഇന്ത്യന്‍ നായകനെ അവര്‍ഡിലേക്ക് എത്തിച്ചത്. ഒക്ടോബറില്‍ താരം നാല് ഇന്നിങ്സുകളാണ് കളിച്ചത്. അതില്‍ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ അടിച്ചെടുത്തു. പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായ (പുറത്താകാതെ 82 റണ്‍സ്) പ്രകടനവും ഈ മൂന്ന് അര്‍ധ സെഞ്ച്വറികളിലൊന്നാണ്.

പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ 31 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കുമ്പോഴാണ് കോഹ്ലി ക്രീസിലെത്തുന്നത്. പിന്നീട് കളിയുടെ ഗതി മാറ്റി ഇന്ത്യയെ വിജയത്തിലേക്ക് താരം ഒറ്റയ്ക്ക് എത്തിക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. തന്റെ ടി20 കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് എന്നാണ് കോഹ്ലി തന്നെ ആ പ്രകടനത്തെ വിശേഷിപ്പിച്ചത്.

‘ലോകമെങ്ങുമുള്ള ആരാധകരും പാനലും ചേര്‍ന്ന് മികച്ച താരമായി തിരഞ്ഞെടുത്തതില്‍ അങ്ങേയറ്റത്തെ സന്തോഷമുണ്ട്. ഈ പുരസ്‌കാരം എന്നെ സംബന്ധിച്ച് വളരെ വിശേഷപ്പെട്ടതാണ്. എനിക്കൊപ്പം പുരസ്‌കാരത്തിനായി മത്സരിച്ച മറ്റുള്ളവര്‍ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നു. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ പൂര്‍ണ പിന്തുണയുമായി നില്‍ക്കുന്ന സഹ താരങ്ങള്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു’- കോഹ്ലി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!