ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയില്‍

0

ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള സംഘം ജില്ലയിലെത്തി. അഡീഷണല്‍ കമ്മീഷണര്‍ സുമിതാ ഘോഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത്. ഞായറാഴ്ച സ്ഥലത്തെത്തിയ സംഘം 5 ദിവസം ജില്ലയിലുണ്ടാകും. ഞായറാഴ്ച ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പ്രോഗ്രാം ഓഫീസര്‍മാരുടെ അവലോകന യോഗം നടത്തി. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ മേഖലയിലെ നൂതന പരിപാടികള്‍, ആയുഷ് പ്രവര്‍ത്തങ്ങള്‍ എന്നിവയെക്കുറിച്ച് പഠിച്ച സംഘം ആദ്യദിവസം മുള്ളന്‍കൊല്ലി കുടുംബരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ആര്‍.ബി.എസ്.കെ നഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ സംഘം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ന് വരദൂര്‍ സ്മാര്‍ട്ട് അംഗന്‍വാടി, പ്രദേശത്തെ ട്രൈബല്‍ കോളനി, എടവക കല്ലോടി ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍, വയനാട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ടീം പരിശോധന നടത്തി. മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, ദേശീയ പരിപാടികള്‍, മാതൃ ശിശു ആരോഗ്യ യൂണിറ്റ് തുടങ്ങിയവയില്‍ പരിശോധന നടത്തിയ സംഘം ജീവനക്കാരുമായി സംവദിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വി. ജിതേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി. ദിനീഷ്, ആരോഗ്യകേരളം സ്റ്റേറ്റ് എച്ച്.ആര്‍ മാനേജര്‍ കെ. സുരേഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒമാര്‍, ആയുഷ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആരോഗ്യകേന്ദ്രങ്ങളും ആരോഗ്യ അനുബന്ധ മേഖലകളും കേന്ദ്രസംഘം സന്ദര്‍ശിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!