പൂര്‍വ്വ വിദ്യാര്‍ത്ഥികളും പിടിഎ കൈകോര്‍ത്തു പനങ്കണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇരിപ്പിടമൊരുങ്ങി
പനങ്കണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഉച്ചഭക്ഷണം കഴിക്കാന്‍ മരത്തണലിലേക്കും സ്‌കൂള്‍ വരാന്തകളിലേക്കും ഓടേണ്ട.ഇരുന്ന് കഴിക്കാന്‍ ഇരിപ്പിടമൊരുക്കിയാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പൂര്‍വ്വ വിദ്യാര്‍ത്ഥികളും പിടിഎ മാതൃക തീര്‍ത്തത്.പനങ്കണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1986 ല്‍ പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മുതല്‍ അടുത്ത കാലത്തായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ വരെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കൂട്ടായ്മകളും പിടിഎ യും സംയുക്തമായി നിരവധി പദ്ധതികളും സ്‌കൂളില്‍ നടപ്പാക്കിയിട്ടുമുണ്ട്. പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രപ്പണികളോടെ ഒരുക്കിയ ക്ലാസ് മുറികളും, മുഴുവന്‍ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റ സംവിധാനമൊരുക്കിയതും,കോവിഡ് രൂക്ഷമായ സമയത്ത് വിദ്യാര്‍ത്ഥികളുടെ പഠനം വീട്ടിലിരുന്ന് സുഗമമാക്കിയതിലും ഇവരുടെ പങ്ക് ചെറുതല്ല. ഇതിന് പിന്നാലെയാണ് പിടിഎ യുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഭോജന ശാല നവീകരിച്ച് ആവശ്യമായ സ്റ്റീല്‍ ഫര്‍ണ്ണിച്ചറുകളുള്‍പ്പടെ ഒരുക്കി നല്‍കുന്നതിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചത്. സ്‌കൂളിലെ സീനിയര്‍ അധ്യാപകനായ ഷൗക്കുമാനാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സഹകരണം ഉറപ്പാക്കി പദ്ധതികളുടെ ഭാഗമാക്കുന്നത്.
പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഷിബു, ധനേഷ്,റിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പറ്റം യുവത്വങ്ങള്‍ ബിരിയാണി ചലഞ്ചിലൂടെയും മറ്റുമാണ് ഭക്ഷണ ഹാള്‍ സജ്ജീകരിക്കുന്നതിലേക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് സമാഹരിച്ചത്. മരത്തണലില്‍ ഭക്ഷണപാത്രങ്ങള്‍ തുറക്കുമ്പോള്‍ ഇലയും, പാറ്റയും, പുഴുവും വീഴാതെ ഭക്ഷണം കഴിക്കാനൊരിടം എന്ന സ്‌കൂളിന്റെ മൊത്തമായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഭക്ഷണ ഹാള്‍ സ്‌കൂളിന് സമര്‍പ്പിച്ചു.പരിപാടിയോടനുബന്ധിച്ച് ഇക്കഴിഞ്ഞ സബ് ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ പെണ്‍കുട്ടികളുടെ ടീമിനെയും ആദരിച്ചു.