മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് വയനാട്ടില്‍ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചതായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്.ഇതോടെ ജില്ലയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ തന്നെ പരീക്ഷ എഴുതുവാന്‍ അവസരം ലഭിക്കും. പ്രവേശന പരീക്ഷക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും എംഎല്‍എ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജില്ലയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍കുതിപ്പ് നടത്താന്‍ കഴിയുന്ന ചുവട് വെപ്പാണ് നീറ്റ് പരീക്ഷാകേന്ദ്രത്തിലുടെ കഴിഞ്ഞത്.
ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യമായിരുന്നു ജില്ലയില്‍ തന്നെ പരീക്ഷാകേന്ദ്രം എന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നിരന്തരമായി എം എല്‍ എ നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് പരീക്ഷാകേന്ദ്രം ജില്ലയില്‍ അനുവദിക്കപ്പെട്ടത്. യുജിസി പരീക്ഷക്കും, നീറ്റ് പരീക്ഷയ്ക്കും സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ചെയര്‍മാനും ഡയറക്ടറുമായിട്ടുള്ള വിനീത് ജോഷി യേയും, സതീഷ് ഗുപ്ത അടക്കമുള്ളവരെയും നേരിട്ട് കണ്ടു ആവശ്യപ്പെടുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം യുജിസിക്ക് സെന്റര്‍ അനുവദിച്ചു കിട്ടി. എന്നാല്‍ നീറ്റിന് സെന്റര്‍ അനുവദിച്ചു കിട്ടുന്നതിനായി തുടര്‍ന്നും രാഹുല്‍ഗാന്ധി എംപിയുടെ സഹായത്തോട് കൂടി നിരന്തരമായി നടത്തിയ ഇടപെടലുകളാണ് ഇപ്പോള്‍ ഫലം കണ്ടത്. ഇതോടെ ജില്ലയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലയില്‍ തന്നെ പരീക്ഷ എഴുതുവാന്‍ അവസരം ലഭിക്കുന്നത്.
വിദൂരത്തുള്ള ജില്ലകളില്‍ പോയി പരീക്ഷ എഴുതുക എന്നുള്ള വലിയ വെല്ലുവിളി ജില്ലയിലെ ഗോത്രവിഭാഗത്തില്‍പ്പെട്ടവരും, തോട്ടം തൊഴിലാളികളും, കര്‍ഷകരുടേയും വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും വലിയ അനുഗ്രഹമാണെന്നും, ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി മെഡിക്കല്‍/എന്‍ജിനീയറിങ് പരിശീലനം കേന്ദ്രവും, മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പരിശീലനവും അടുത്ത വര്‍ഷം ആരംഭിക്കുമെന്നും എം എല്‍ എ പറഞ്ഞു. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ യുടെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ സ്പാര്‍ക്കിന്റെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതിന്റെ ഭാഗമായി എന്‍.എം.എം.എസ് എന്‍.ടി.എസ്.ഇ തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി , കേന്ദ്ര നിയമ സര്‍വ്വകലാശാല തല പരീക്ഷകള്‍ സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ തുടങ്ങിയ ട്രെയിനിംഗുകള്‍ ഈ വര്‍ഷത്തെ പരിശീലനം ജൂലൈയില്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു