ലഹരി വിരുദ്ധ ശൃംഖല നവംബര്‍ ഒന്നിന്;സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

0

ലഹരി ഉപയോഗത്തിനെതിരെ കേരളം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ ഒന്നിന് വൈകിട്ട് മൂന്നു മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിര്‍വഹിക്കും. തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മുതല്‍ അയ്യങ്കാളി ഹാളിന് സമീപം വരെയും തിരിച്ചും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ 25,000 വിദ്യാര്‍ഥികള്‍ അണിനിരക്കും. ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികളെടുക്കും. ലഹരി ഉത്പന്നങ്ങള്‍ പ്രതീകാത്മകമായി കത്തിക്കും. സ്‌കൂളുകളില്‍ വിദ്യാഭ്യാസ ജാഗ്രത സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ലഹരിക്കെതിരെ ബോധവത്ക്കരണം സൃഷ്ടിക്കുന്നതിനായി പുതിയ പാഠപുസ്തകത്തില്‍ വിഷയം ഉള്‍പ്പെടുത്തും. ഒരു സ്‌കൂളിലെ ഒരു അധ്യാപകന്‍ വീതം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സംസ്ഥാനത്തെ ഒരു ലക്ഷം ക്‌ളാസ് മുറികളില്‍ ലഹരി വിരുദ്ധ കലണ്ടറുകള്‍ പ്രദര്‍ശിപ്പിക്കും.

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കോളേജുകളില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും മികച്ച പ്രവര്‍ത്തനം നടത്തിയ കോളേജ്, സര്‍വകലാശാല എന്നിവയ്ക്കും നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലും ബോധവത്ക്കരണ പ്രവര്‍ത്തനം നടക്കുന്നതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!