എ.ബി.സി.ഡി ക്യാമ്പയിനില്‍ നല്‍കിയത് 24,794 സേവനങ്ങള്‍

0

ജില്ലയിലെ 6 പഞ്ചായത്തുകളിലായി നടന്ന ക്യാമ്പിലൂടെ ഇതുവരെ 16,000 പേര്‍ക്ക് സേവനം ലഭിച്ചു. വിവിധ വിഭാഗ ത്തില്‍പ്പെട്ട 24,794 സേവനങ്ങളാണ് ക്യാമ്പുകളിലൂടെ നല്‍കിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വന്‍വിജയമായതോടെ മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചത്.പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരമൊരുക്കുന്ന എ.ബി.സി.ഡി പദ്ധതി സംസ്ഥാന തലത്തില്‍ ശ്രദ്ധനേടുന്നു.

തൊണ്ടര്‍നാടിന് പുറമെ വൈത്തിരി, തവിഞ്ഞാല്‍, നൂല്‍പ്പുഴ, പനമരം, നെന്‍മേനി ഗ്രാമപഞ്ചായത്തുകളില്‍ ക്യാമ്പ് നടന്നു. തൊണ്ടാര്‍നാട്-3616, വൈത്തിരി- 1543, നൂല്‍പ്പുഴ-5349, തവിഞ്ഞാല്‍-2033, പനമരം- 7692, നെന്‍മേനി- 4561 എന്നിങ്ങനെയാണ് സേവനങ്ങള്‍ ലഭിച്ചത്. ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും നഗരസഭകളിലും വരു ദിവസങ്ങളില്‍ ക്യാമ്പുകള്‍ നടത്തുന്നതിനുളള ഒരുക്കത്തിലാണ് ജില്ലാഭരണകൂടം. അടുത്ത വര്‍ഷമാദ്യം എ.ബി.സി.ഡി ക്യാമ്പ് ജില്ലയില്‍ പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് ക്യാമ്പുകളില്‍ സേവനം ലഭ്യമാക്കുന്നത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള ഗോത്ര സൗഹൃദ കൗണ്ടറുകള്‍ വഴിയും സേവനം ലഭ്യമാകും. ക്യാമ്പില്‍ രേഖകളുടെ തെറ്റു തിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പില്‍നിന്നും നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.

സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയാണ് എ.ബി.സി.ഡി ക്യാമ്പിന്റെ നോഡല്‍ ഓഫീസര്‍. ജില്ലാ ഭരണകൂടത്തിന് പുറമെ ഐ.ടി മിഷന്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി)നടക്കുന്നത്. മതിയായ ആധികാരിക രേഖകള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കാതെ പോകുന്ന പട്ടിക വര്‍ഗ്ഗ വിഭാഗ ത്തിലെ ജനതക്ക് ആശ്വാസമാകുകയാണ് ഓരോ എ.ബി.സി.ഡി ക്യാമ്പും.

Leave A Reply

Your email address will not be published.

error: Content is protected !!