പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കാം – ഡി.എം.ഒ

0

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പേവിഷബാധയും അതോടനുബന്ധിച്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പി.ദിനീഷ് പറഞ്ഞു. മൃഗങ്ങളില്‍ നിന്നും മനുഷരിലേക്ക് പകരുന്ന വൈറസ് രോഗമാണ് പേവിഷബാധ. വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് സാധാരണ രോഗ പകര്‍ച്ച ഉണ്ടാകുന്നത്. വന്യമൃഗങ്ങളായ ചെന്നായ കുറുക്കന്‍, കുരങ്ങന്‍,പന്നി, വവ്വാലുകള്‍ എന്നിവയില്‍ നിന്നുമാണ് പ്രധാനമായും വളര്‍ത്തു മൃഗങ്ങള്‍ക്ക് രോഗ പകര്‍ച്ച ഉണ്ടാകുന്നത്.

രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലുള്ള വൈറസുകള്‍ മൃഗങ്ങളുടെ നക്കല്‍ കൊണ്ടോ മാന്ത്, കടി എന്നിവമൂലമുണ്ടായ മുറിവില്‍ കൂടിയോ ശരീരപേശികള്‍ക്കിടയിലെ സൂക്ഷ്മ നാഡികളിലെത്തി കേന്ദ്രനാഡീ വ്യൂഹത്തില്‍ കൂടി സഞ്ചരിച്ച് സുഷുമ്‌നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് വരെയുള്ള ഇടവേള രണ്ടാഴ്ച മുതല്‍ മൂന്നുമാസം വരെയാകാം. തലവേദന, തൊണ്ടവേദന മൂന്നു നാല് ദിവസം നീണ്ടുനില്‍ക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍ വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാല്‍ ശ്വാസതടസ്സം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകുന്നു. തലച്ചോറിനെ ബാധിക്കുന്നതോട് കൂടി അപസ്മാരം, പക്ഷാഘാതം, മസ്തിഷ്‌ക മരണം ഇവ സംഭവിക്കാം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ മരണം സുനിശ്ചിതമാണ്. എന്നാല്‍ കടിയേറ്റ ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കുക വഴി പേവിഷബാധയും മരണവും ഒഴിവാക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!