ദേശീയ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍

0

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പനമരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ സമ്മേളനം ആഹ്വാനം ചെയ്തു ദരിദ്രകുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് നല്‍കുന്നതാണ് പദ്ധതി.നെല്‍കൃഷി, ക്ഷീരമേഖല എന്നിവയിലേക്ക് കൂടി തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കണമെന്നും തൊഴില്‍ ദിനങ്ങള്‍ 250 ആയി വര്‍ദ്ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയിലെ കൂലിവര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭങ്ങള്‍ നടക്കുന്ന സമയത്ത് തൊഴിലുറപ്പ് പദ്ധതി തന്നെ ഇല്ലാതാക്കാനുള്ള നീക്കം നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.നവകേരള നിര്‍മ്മിതിക്കായി ഒരുങ്ങുക, വന്യമൃഗശല്യത്തിന് പരിഹാരം കാണുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ എം സി ജോസഫൈന്‍ നഗറില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി വി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി സി വത്സല അധ്യക്ഷയായി.ഏരിയ സെക്രട്ടറി വനജ വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബീനവിജയന്‍, ടി ജി ബീന, സി യു ഏലമ്മ പ്രസംഗിച്ചു.പി സി വത്സല,ലിസി ഷാജി , ബിന്ദു രാജന്‍ ,പ്രിയ വീരേന്ദ്രകുമാര്‍എന്നിവര്‍ സംസാരിച്ചു.മുന്‍ കാല നേതാക്കളായ സി യു ഏലമ്മ, കനകമ്മ, കുഞ്ഞിമോള്‍, കുഞ്ഞി മാതു, നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ അത് ലറ്റിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഷീനദിനേശന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കലാ-സാഹിത്യ മത്സര വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.കമ്മന യൂണിറ്റ് തിരുവാതിരി കളി അവതരിപ്പിച്ചു.പ്രസിഡണ്ടായി വനജവിജയനെയും സെക്രട്ടറിയായി പി സി വത്സലയെയും ട്രഷററായി ഇന്ദിര പ്രേമ ചന്ദ്രന്‍, വൈസ് പ്രസിഡണ്ടുമാരായി കെ കമലാക്ഷി, ലിസി ഷാജി, ജോ. സെക്രട്ടറിമാരായി ബിന്ദു രാജന്‍, ശ്രീജ സുധാകരന്‍ എന്നിവരെ തെരഞ്ഞെടുത്തു.സ്വാഗത സംഘം ചെയര്‍മാന്‍ എം മുരളീധരന്‍ സ്വാഗതവും കണ്‍വീനര്‍ സജ്‌ന ഷാജി നന്ദിയും പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!