റേഷന്‍ ആധാര്‍ ബന്ധിപ്പിക്കല്‍: 1.5 ലക്ഷം പേര്‍ കൂടി ബാക്കി

0

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് അംഗങ്ങളായ 92.88 ലക്ഷം പേരില്‍ ഒന്നര ലക്ഷം പേര്‍ കൂടി ബയോമെട്രിക് വിവരങ്ങള്‍ ബന്ധിപ്പിച്ചാല്‍ റേഷന്‍ആധാര്‍ കാര്‍ഡുകള്‍ തമ്മിലെ ബന്ധം പൂര്‍ണമാകും. ഡിസംബറോടെ റേഷന്‍ ആധാര്‍ ബന്ധിപ്പിക്കല്‍ സമ്പൂര്‍ണമാക്കി പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.ആകെയുള്ള റേഷന്‍ കാര്‍ഡുകളിലെ 3.54 കോടി അംഗങ്ങളില്‍ 3.52 കോടി പേര്‍ (99.57%) ആധാര്‍ ബന്ധിപ്പിച്ചു. കൊല്ലം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ 100% പൂര്‍ത്തിയായി. പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകള്‍ നൂറു ശതമാനത്തിനു തൊട്ടരികിലും. മുന്‍ഗണനാ വിഭാഗം പിങ്ക് കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളും (35.13 ലക്ഷം) ആധാറുമായി ബന്ധിപ്പിച്ചു.ഇതേ വിഭാഗത്തിലെ തന്നെ മഞ്ഞ കാര്‍ഡില്‍ 99.94% ആയി. മുന്‍ഗണനേതര വിഭാഗത്തിലെ നീല കാര്‍ഡില്‍ 99.60%, വെള്ള 98.94%, ബ്രൗണ്‍ 99.57% എന്നിങ്ങനെയാണ് ആധാര്‍ ബന്ധിപ്പിച്ച അംഗങ്ങളുടെ ശതമാനം.മൂന്നു വര്‍ഷം മുന്‍പു തന്നെ കാര്‍ഡ് ഉടമകളില്‍ 99% ആധാറുമായി ലിങ്ക് ചെയ്തിരുന്നുവെങ്കിലും അംഗങ്ങളില്‍ ഇതിനു തയാറായത് 85% മാത്രമായിരുന്നു. കേന്ദ്ര നിര്‍ദേശപ്രകാരം നടപടികള്‍ ഊര്‍ജിതമാക്കിയതോടെ വേഗം കൂടി.ആധാറുമായി ലിങ്ക് ചെയ്യാത്ത കാര്‍ഡ് ഉടമകള്‍ക്കു സാധനങ്ങള്‍ ലഭിക്കില്ലെന്നു വന്നതും കോവിഡ് കാലത്തെ കിറ്റ് വിതരണവും ബന്ധിപ്പിക്കാന്‍ പ്രേരണയായി. വിവിധ കാരണങ്ങളാല്‍ ആധാര്‍ എടുക്കാനാവാത്ത കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, ബയോമെട്രിക് രേഖകള്‍ തെളിയാത്തവര്‍ എന്നിവര്‍ക്കു ചില ഇളവുകള്‍ ഉണ്ടെന്നു മാത്രം.റേഷന്‍ കടയിലെ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിച്ചും സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടല്‍ വഴിയും ആധാര്‍ ബന്ധിപ്പിക്കാം.അതേസമയം, ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ നൂറു ശതമാനത്തിലേക്കു കടന്നതോടെ അനര്‍ഹരായ പതിനായിരത്തോളം മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളെ ഈയിടെ കണ്ടെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!