അടര്‍ന്ന് പോകുന്ന ഓര്‍മകള്‍; ഇന്ന് ലോക അള്‍ഷിമേഴ്സ് ദിനം

0

ഇന്ന് ലോക അള്‍ഷിമേഴ്സ് ദിനം. ഓര്‍മകളില്ലാതാകുന്ന അള്‍ഷിമേഴ്സ് രോഗത്തിന് ഇപ്പോഴും കൃത്യമായ ചികിത്സകളില്ല. എന്നാല്‍, പരിചരണത്തിലൂടെ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും.ചെറിയ ഓര്‍മക്കുറവും ആശയക്കുഴപ്പവുമായിരിക്കും പ്രാഥമികലക്ഷണം. ഓര്‍മശക്തി, കാര്യകാരണശേഷി, ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവുകള്‍, കാര്യങ്ങള്‍ മനസിലാക്കാനുള്ള ശേഷി, സങ്കല്‍പ്പിക്കാനുള്ള കഴിവുകള്‍ എന്നിവ ചോര്‍ന്നുപോകുന്നതും രോഗത്തിന്റെ ലക്ഷണങ്ങളാണ്. ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങള്‍, ജനിതക പ്രത്യേകതകള്‍ ഇവയൊക്കെ രോഗകാരണമാകാം. ഇവ മൂലം മസ്തിഷ്‌ക കോശങ്ങള്‍ തകരാറിലാവുകയും നശിക്കുകയുമാണ് സംഭവിക്കുന്നത്. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനരുജ്ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായി ഏകദേശം പത്ത് വര്‍ഷത്തിനുള്ളില്‍ അല്‍ഷൈമര്‍ രോഗി മരണത്തിന് കീഴടങ്ങുമെന്നും പഠനങ്ങള്‍ പറയുന്നു. പ്രധാനമായും 65 വയസിന് മുകളിലുള്ളവരെയാണ് രോഗം ബാധിക്കുന്നത്. ഓരോ ഏഴ് സെക്കന്റിലും ഒരു അള്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ 45 ലക്ഷം പേര്‍ക്ക് രോഗമുണ്ടെന്നാണ് കണക്കുകള്‍. ഇത് 2030 ആകുമ്പോഴേക്കും 76 ലക്ഷമാകുമെന്നും പഠനങ്ങള്‍ പറയുന്നു. കേരളത്തിലും അല്‍ഷൈമേഴ്സ് അടക്കമുള്ള മേധാക്ഷയ രോഗങ്ങള്‍ ഏറിക്കൊണ്ടിരിക്കുകയാണ്.
കൈവിട്ടുപോകുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ നിസ്സഹായരായി പോകുന്ന മനുഷ്യര്‍. ഓരോന്നായി ഇതളൊഴിഞ്ഞ് വീണുപോയി അവസാനം കുടുംബാംഗങ്ങളെ വരെ മറന്നുപോകുന്ന അവസ്ഥയിലെത്തും. സ്വന്തം പേര് പോലും മറന്ന്, വസ്ത്രം ധരിക്കണമെന്നത് വരെ അറിയാതെ അകം പൊള്ളയായ വെറും മനുഷ്യക്കോലം മാത്രമായി തീരുന്നവര്‍. അവര്‍ക്കു വേണ്ടിയും ഒരു ദിനം. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സ് എന്ന് സ്മൃതിനാശ രോഗം. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമാണ്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അല്‍ഷിമേഴ്സിന്റെ കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്. പ്രായമായവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 65 വയസ്സിനു മുകളിലുള്ളവരില്‍ ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുവരുന്നതായി കാണാം. 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും അല്‍ഷിമേഴ്സ് വരാനുള്ള സാധ്യതയുണ്ട്. സ്ത്രീകളിലാണ് അല്‍ഷിമേഴ്സ് ബാധിതര്‍ കൂടുതലുള്ളത്. മിക്കപ്പോഴും രോഗം പതുക്കെയാണ് ആരംഭിക്കുക. യഥാര്‍ഥത്തില്‍ പലര്‍ക്കും അവര്‍ക്ക് അല്‍ഷിമേഴ്സ് ഉണ്ടെന്ന കാര്യം അറിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ മറവിയെ വാര്‍ധക്യത്തിന്റെ ഭാഗമായി പഴിചാരുന്നു. എന്നാല്‍ നാളുകള്‍ ചെല്ലുന്തോറും ഓര്‍മശക്തി കുറഞ്ഞുവരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ മറന്നുപോകുന്നത്. വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മിച്ചെടുക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകള്‍ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. കാലക്രമേണ എല്ലാത്തരം ഓര്‍മകളും നശിച്ചുപോകും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍ എന്നിവ നഷ്ടമാകുന്നു. ഈ അവസ്ഥയില്‍ എങ്ങനെ പല്ലുതേക്കണമെന്നും മുടിചീകണമെന്നും മറന്നുപോകുന്നു. രോഗം ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനോടൊപ്പം രോഗി ശയ്യാവലംബിയും പരിപൂര്‍ണ പരാശ്രയിയുമായി മാറുന്നു. രോഗിയുടെ സവിശേഷതകള്‍ ഇവയൊക്കെ ഉള്‍ക്കൊണ്ട് ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പുവരുത്തി കൂടെയുണ്ടാകുക എന്നതാണ് കുടുംബാംഗങ്ങള്‍ ചെയ്യേണ്ടത്. ഇതിന് വിദഗ്ധരുടെ സഹായം തേടാം. മാനസികവും ശാരീരികവുമായി പ്രവര്‍ത്തനനിരതരാകുക, ശരിയായ രക്തസമ്മര്‍ദം നിലനിര്‍ത്തുക, കിടപ്പുരോഗികളാണെങ്കില്‍ ശയ്യാവ്രണം ഒഴിവാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുക തുടങ്ങിയവ പ്രധാനമാണ്. ഓരോ അല്‍ഷിമേഴ്സ് രോഗിയും അറിഞ്ഞുകൊണ്ടല്ല ഒന്നും ചെയ്യുന്നത്. എവിടെ മലമൂത്ര വിസര്‍ജ്ജനം നടത്തണമെന്ന അറിവ് പോലും നഷ്ടമായ ഗുരുതരാവസ്ഥയിലുള്ള അല്‍ഷിമേഴ്സ് രോഗികളെ പരിചരിക്കുക എന്നത് വളരെ ത്യാഗപൂര്‍ണമായ കാര്യമാണ്. രോഗികളോട് മാത്രമല്ല, അവിരെ സ്ഥിരമായി പരിചരിച്ച് കൂടെ നില്‍ക്കുന്നവരോടു കൂടി ഐക്യപ്പെടേണ്ടതുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!