മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ തന്നെ വേണം 15-ന് ബഹുജന ധര്‍ണ്ണ

0

 

മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവനയായി നല്‍കിയ 50 ഏക്കര്‍ ഭൂമിയില്‍ തന്നെ വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കണമെന്ന് വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.15-ന് കല്‍പ്പറ്റ കലക്ട്രേറ്റിന് മുമ്പില്‍ ബഹുജന ധര്‍ണ്ണ നടത്തുമെന്നും 21- മുതല്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ഇവര്‍ പറഞ്ഞു.2012ല്‍ പ്രഖ്യാപിച്ച 5 മെഡിക്കല്‍ കോളേജുകളില്‍ ജനങ്ങളെ ചേരിതിരിച്ച് നിര്‍മ്മാണം കടലാസില്‍ ഒതുക്കിയത് വയനാട്ടില്‍ മാത്രമാണ്.

ജില്ലയുടെ ഹൃദയഭാഗമായ മടക്കി മലയില്‍ സര്‍ക്കാരിന് ദാനമായി ലഭിച്ച ഭൂമി,തെറ്റായ പരിസ്ഥിതി ആഘാത സര്‍വേ റിപ്പോര്‍ട്ട് മറയാക്കി ഉപേക്ഷിക്കുകയും, ചേലോട് എസ്റ്റേറ്റ് ഭൂമി വില കൊടുത്തു വാങ്ങാനും അരപ്പറ്റയില്‍ ഉള്ള സെക്കന്‍ഡ് സ്വകാര്യ മെഡിക്കല്‍ കോളേജ് വാങ്ങാനും കപട നാടകങ്ങള്‍ നടത്തിയ ശേഷം,കണ്ണൂര്‍ അതിര്‍ത്തിയില്‍ പാല്‍ ചുരത്തിനും നെടുപൊയില്‍ ചുരത്തിനും സമീപത്തുള്ള,അതിവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ബോയ്‌സ് ടൗണില്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാവില്ല.

ചെറുതും വലുതുമായ എഴുപതോളം ആംബുലന്‍സുകള്‍ ആണ് പ്രതിദിനം എന്നോണം വയനാടന്‍ ചുരം ഇറങ്ങി, കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും, സ്വകാര്യ ആശുപത്രികളിലേക്കും മരണപ്പാച്ചില്‍ നടത്തുന്നത്. പൊന്‍കുഴി മുതല്‍ മരക്കടവ് വരെയും, കേണിച്ചിറ മുതല്‍ പാട്ടവയല്‍ വരെയും വ്യാപിച്ചുകിടക്കുന്ന സുല്‍ത്താന്‍ബത്തേരി താലൂക്കിലെയും, വടുവഞ്ചാല്‍ ചൂരല്‍മല മുതല്‍ കാപ്പിക്കളം വരെയും, നടവയല്‍ മുതല്‍ ലക്കിടി വരെയും വ്യാപിച്ചുകിടക്കുന്ന വൈത്തിരി താലൂക്കിലെയും ജനങ്ങള്‍, വിദഗ്ധ ചികിത്സ ലഭിക്കാന്‍ മാനന്തവാടി ടൗണും കടന്ന് 13 കിലോമീറ്റര്‍ കണ്ണൂര്‍ ബോര്‍ഡറിലുള്ള മെഡിക്കല്‍ കോളേജില്‍ പോകണം എന്ന നിലപാട് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ഉപകരണങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിച്ച് ആ പ്രദേശത്തുകാരുടെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തിയാല്‍ മതിയായിരുന്നു. അതിനുപകരം അവിടെയും ജനത്തെ ചേരി തിരിക്കാന്‍ ശ്രമിച്ചു.
തമിഴ്‌നാട്ടിലെ ഊട്ടിയിലും, കര്‍ണാടകയിലെ ചാമരാജ് നഗറിലും, കേരളത്തിലെ മറ്റു ജില്ലകളിലും വയനാടിന് ഒപ്പമോ അതിനുശേഷമോ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകള്‍ എല്ലാം നിര്‍മ്മിച്ചു പ്രവര്‍ത്തനം തുടങ്ങി.ഇക്കാര്യത്തില്‍ ജില്ലയിലെ വ്യത്യസ്ത രാഷ്ട്രിയ നേതൃത്വങ്ങളും മൗനം പാലിക്കുന്ന സാഹചര്യത്തിലാണ്. മടക്കിമലയില്‍ ദാനം കിട്ടിയ ഭൂമിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണം എന്ന ആവശ്യം മുന്‍നിര്‍ത്തി ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി 5000ഓളം ആളുകളെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ രൂപീകരിക്കുകയും, ശക്തമായ ബഹുജനപ്രക്ഷോഭത്തിന് രൂപം നല്‍കുന്നതിന് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തത്.

സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സെപ്റ്റംബര്‍ 15 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കളക്ടറേറ്റിനു മുന്നില്‍ ബഹുജന ധര്‍ണ നടത്തും. ഇതിനു മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് ‘മുനിസിപ്പല്‍ മെമ്പര്‍മാര്‍ മുതല്‍ പാര്‍ലമെന്റ് അംഗം വരെയുള്ള വരെയുള്ള മുഴുവന്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ കമ്മിറ്റികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ മതമേലധ്യക്ഷന്മാര്‍, സാമൂഹിക നേതാക്കള്‍, ക്ലബ്ബുകള്‍ ലൈബ്രറികള്‍ എന്നിവ ഉള്‍പ്പെടുന്ന കമ്മിറ്റികളുടെ ഭാരവാഹികള്‍ക്കും രേഖാമൂലം കത്ത് നല്‍കും.

രണ്ടാംഘട്ട സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സെപ്റ്റംബര്‍ 21, 22, 23 തീയതികളില്‍ ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളിലും വാഹന പ്രചരണ ജാഥ നടത്തും. പ്രധാന ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ഭീമഹര്‍ജി നല്‍കുന്നതിലേക്കായി ഒപ്പുശേഖരണവും ഇതോടനുബന്ധിച്ച് നടത്തും. ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനം മുതല്‍ വയനാട് കളക്ടറേറ്റ് മുന്നില്‍ പഞ്ചദിന സത്യാഗ്രഹ സമരം നടത്തും.

എല്ലാ മേഖലയിലും അവഗണിക്കപ്പെടുകയാണ് വയനാട്. രാത്രിയാത്ര നിരോധനവും, റെയില്‍വേ സ്വപ്നം നിലച്ചതും വയനാടിനു ഏറെ തിരിച്ചടിയായി. ബഫര്‍സോണ്‍ കൂടി നടപ്പാകുന്നതോടെ 29,000 ഹെക്ടര്‍ കൃഷിഭൂമിയില്‍ വനനിയമങ്ങള്‍ ബാധകമാവും.9 ലക്ഷത്തിലധികം വരുന്ന ജില്ലയിലെ ജനം വിവിധ വിഷയങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ്.തത്തിനും രാഷ്ട്രീയത്തിനും അതീതമായി ശക്തമായ ബഹുജന മുന്നേറ്റം വയനാടിന്റെ നിലനില്‍പ്പിന് അനിവാര്യമായി മാറിയിരിക്കുകയാണന്ന് ഇവര്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കിമല,ട്രഷറര്‍ ടി പി അബ്ദുല്‍ ഷുക്കൂര്‍,വൈസ് ചെയര്‍മാന്‍മാരായ ഗഫൂര്‍ വെണ്ണിയോട്,ഐ ബി മൃണാളിനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!