വയനാട് വന്യജീവി സങ്കേതത്തിന് കീഴിലുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആക്ഷേപം. സുല്‍ത്താന്‍ ബത്തേരി റെയ്ഞ്ചിന് കീഴിലുള്ള നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീപ്പിന് ഇന്ധനം നിറയക്കുന്നതിന് പ്രതിമാസം 17000 രൂപയുടെ പരിധിക്കുള്ളില്‍ മാത്രമേ ഡീസല്‍ നിറയ്ക്കാവൂ എന്നാണ് മേധാവി നിര്‍ദേശം. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇതുസംബന്ധിച്ച് ഓഗസ്റ്റ് 29ന് പെട്രോള്‍ പമ്പ് അധികൃതര്‍ക്ക് കത്ത് നല്‍കി. സമാനമായ രീതിയില്‍ മറ്റൊരു സ്റ്റേഷന്റെ വാഹനത്തിനും ഇന്ധനം നിറയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പടുത്തിക്കൊണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇത് വന്യമൃഗശല്യ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
ഇക്കഴിഞ്ഞമാസം 29നാണ് നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീപ്പിന് ഒരുമാസം 17000 രൂപയുടെ ഇന്ധനമേ നിറക്കാവൂ എന്ന നിര്‍ദ്ദേശം വന്യജീവിസങ്കേതം മേധാവി ഇറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ധനം നിറയ്ക്കുന്ന പെട്രോള്‍ ബങ്ക് അധികൃതര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. വന്യമൃഗ ശല്യം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പിന്റെ വാഹനങ്ങള്‍ക്ക് വിശ്രമമില്ലാതെ ഓട്ടമുള്ളതാണ്. ഈ സമയത്ത് ഇന്ധനം നിറയ്ക്കുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണം വനംവകുപ്പിന്റെ വന്യജീവി ശല്യ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും, വനസംരക്ഷണ പ്രവര്‍ത്തനങ്ങളെയും പ്രതിസന്ധിയിലാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. 25ഓളം വാഹനങ്ങളാണ് വയനാട് വന്യജീവി സങ്കേതത്തിന്റെ കീഴിലുള്ളത്. വന്യജീവി ശല്യം പരിഹരിക്കുന്നതിനും, വന-മൃഗ സംരക്ഷണത്തിനും പരിപാലനത്തിനുമായി 24 മണിക്കൂറും സേവനം ചെയ്യുന്ന ഫോറസ്റ്റ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവയാണ്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ഫോറസ്റ്റ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ രാത്രി മാത്രം പട്രോളിങ്ങിനായി 80 മുതല്‍ നൂറ് കിലോ മീറ്റര്‍വരെ സ്ഞ്ചരിക്കേണ്ടിവരുന്നുണ്ട്. ഇതിന് പുറമേ പകല്‍ വന്യമൃഗങ്ങളിറങ്ങി കുഴപ്പങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സഹായത്തിനായി പോകാനും, ചത്ത മൃഗങ്ങളെ പോസ്റ്റുമോര്‍ട്ടത്തിനായി എടുത്തുകൊണ്ടുവരാനും, സംസ്‌കരിക്കാനും, പരിശോധനകള്‍ക്കും, വനംവകുപ്പുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങള്‍ക്കും വാഹനങ്ങള്‍ ഓടിക്കണം. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റു വി.ഐ.പി.കളുമെല്ലാം ജില്ലയിലെത്തുമ്പോള്‍ കാനന സഫാരിക്കും, അവരുടെ മറ്റാവശ്യങ്ങള്‍ക്കുമെല്ലാമായി വനംവകുപ്പിന്റെ വാഹനങ്ങള്‍തന്നെയാണ് ഉപയോഗിക്കുന്നതെന്നാണ് ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം. നിലവിലെ സാഹചര്യത്തില്‍ ഒരു ദിവസം 80 മുതല്‍ 100 കിലോമീറ്റര്‍ വരെ മിക്ക സ്റ്റേഷനുകളിലേയും വാഹനങ്ങള്‍ ഓടേണ്ടിവരുന്നുണ്ട്. വനത്തിനുള്ളിലെ ദുര്‍ഘടപാതകളിലൂടെ സഞ്ചരിക്കാനുള്ളതിനാല്‍ വാഹനങ്ങളെല്ലാം ഫോര്‍ഫീലാണ്. ഇതിനാല്‍ ഈ വാഹനങ്ങള്‍ക്ക് ഒരു ലിറ്റര്‍ ഡീസലിന് പരമാവധി പത്ത് കിലോ മീറ്റര്‍ മാത്രമേ ഇന്ധനക്ഷമത ലഭിക്കാറുള്ളു. ഇതുപ്രകാരം മിക്ക വാഹനങ്ങള്‍ക്കും 28000 രൂപവരെ പ്രതിമാസം ഇന്ധനം നിറയ്‌ക്കേണ്ടിവരും. ഈസാഹചര്യത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള നിയന്ത്രണം തിരിച്ചടിയാകുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. അതേസമയം വാഹനങ്ങളുടെ ഉപയോഗിത്തിനായി സര്‍ക്കാരില്‍നിന്നും ലഭിച്ച ഫണ്ടിന് ആനുപാതികമായ ക്രമീകരണം ഏര്‍പ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.