കടുവ ഭീതി പടര്‍ത്തിയ മീനങ്ങാടി മണ്ഡകവയല്‍, പുല്ലുമല, മൈലമ്പാടി, സി.സി പ്രദേശങ്ങളില്‍ ഇത്തവണ ഓണവും ഭയത്തിന്റെ നിഴലില്‍. കുട്ടിക്കടുവ കൂട്ടില്‍പെടുകയും തുറന്നുവിടുകയും ചെയ്‌തെങ്കിലും അക്രമിയായ കടുവ പിടിതരാതെ ഒഴിഞ്ഞുമാറുകയാണ്.
ഇടമുറിയാതെ പെയ്ത മഴയില്‍ 2018 – 19 വര്‍ഷത്തെ ഓണക്കാലം കര്‍ഷകന് സമ്മാനിച്ചത് വിളനാശവും വിലത്തകര്‍ച്ചയുമായിരുന്നു. പിന്നീട് 2020-21 കാലയളവില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം കോവിഡ് പിടിമുറുക്കി. ഇതോടെ പ്രതിസന്ധിയിലായ നാട്ടുകാര്‍ക്ക് മുന്നില്‍ ജീവന് തന്നെ ഭീഷണിയായാണ് കടുവകളുടെ വരവ്. പശുവും, പാലും, പരിപാലനവുമായി കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകന് പുറത്തിറങ്ങാന്‍ തന്നെ കഴിയാത്ത അവസ്ഥയിലായി പിന്നീടുള്ള കാര്യങ്ങള്‍. ഓണമിങ്ങെത്തിയെങ്കിലും മാനമിരുണ്ടതു പോലെ കര്‍ഷകന്റെ മനവും ഇരുണ്ടു. ഇതോടെ ഓണാഘോഷവും നിറം മങ്ങി . മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 3 ,4,5,6 വാര്‍ഡുകളിലാണ് കടുവ നിരന്തരമായി ക്ഷീരകര്‍ഷകന്റെ തൊഴുത്തിലും കൃഷിയിടങ്ങളിലുമായി ഭീതി പടര്‍ത്തുന്നത്. കര്‍ഷകര്‍ ഓമനിച്ച് വളര്‍ത്തുന്ന പശുക്കളും, കിടാരികളും കണ്‍മുന്നില്‍ ആക്രമിക്കപ്പെടുന്ന ദുരവസ്ഥ. നിരവധി വളര്‍ത്ത് മൃഗങ്ങളുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും ക്ഷമയോടെ അധികൃതരുടെ വാക്കുകള്‍ പാലിക്കുകയായിരുന്നു പ്രദേശവാസികള്‍.എന്നാല്‍ പകല്‍ സമയത്ത് പോലും വളര്‍ത്തുമൃഗങ്ങളെ പുറത്ത് വിടാന്‍ കഴിയാത്ത വിധം കടുവയുടെ ആക്രമണം നേരിടേണ്ടി വന്നപ്പോഴാണ് അടക്കി വെച്ച പ്രതിഷേധം ആളിക്കത്തിയത്. ഒടുവില്‍ നാട്ടുകാര്‍ റോഡിലിറങ്ങുക തന്നെ ചെയ്തു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തിനൊടുവില്‍ കൂട് സ്ഥാപിച്ചെങ്കിലും പ്രശ്‌നക്കാരനായ കടുവക്ക് പകരം കൂട്ടിലകപ്പെട്ടതാവട്ടെ അമ്മക്കടുവയോടൊപ്പം പുറത്തിറങ്ങിയ കുട്ടിക്കടുവയാണ്. അമ്മയും മറ്റൊരു കുഞ്ഞും പുറത്തായതിനാല്‍ ഗത്യന്തരമില്ലാതെ കുട്ടിക്കടുവയെ തുറന്ന് വിടുകയും ചെയ്തു. എന്നാല്‍ ഇതേവരെയും രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടും അക്രമകാരിയായ കടുവ മാത്രം അതിലകപ്പെട്ടതുമില്ല. പശുക്കളെ പുറത്തിറക്കാനും പുറത്തിറങ്ങാനും ഭയപ്പെടുന്ന കര്‍ഷകര്‍ ഭീമമായ വില കൊടുത്ത് പുല്ല് വാങ്ങിയാണ് ഇപ്പോള്‍ പശുക്കളെ വളര്‍ത്തുന്നത് . 3 മാസം പിന്നിടുകയാണ് കടുവാ ഭീതി കൂടെ താളം തെറ്റിയ മനുഷ്യ ജീവിതവും. ഇതിനിടെ എന്തോണം…. എന്താഘോഷം കൂട് വച്ച് കടുവക്കായി കാവലിരിക്കുന്ന വനപാലകരുടെയും സ്ഥിതിയും മറിച്ചല്ല. ഇത്തവണത്തെ ഓണം കടുവയുടെ കൂടിന് സമീപത്തെന്നാണ് ഇവര്‍ പറയുന്നത്.. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് ആനയൊഴികെയുള്ള വന്യമൃഗങ്ങളുടെ ഇടത്താവളമായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ഇവിടം സ്ഥിരതാവളമായിരിക്കുകയാണ്. ഈ എസ്റ്റേറ്റിനോട് ചേര്‍ന്ന് ചെറുകിട എസ്‌റേററ്റുകളും നിരവധിയാണ്. ചില എസ്റ്റേറ്റുകളില്‍ കാട് വളര്‍ന്ന് വനഭൂമി പോലെ കിടക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരം സ്ഥലങ്ങള്‍ക്ക് സമീപത്തായുള്ള കര്‍ഷകര്‍. ഓണമില്ലെങ്കിലും എത്രയും പെട്ടെന്ന് കടുവയെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍ .