മുട്ടില്‍ മരം മുറിയില്‍ നിയമവിരുദ്ധമായി മുറിച്ച മരങ്ങള്‍ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കു സ്റ്റേ

0

മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ച മരങ്ങള്‍ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കു സ്റ്റേ. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതി റോജി അഗസ്റ്റിനും മറ്റും സമര്‍പ്പിച്ച ആറ് വ്യത്യസ്ത ഹര്‍ജികളിലാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. മരങ്ങള്‍ കണ്ടുകെട്ടിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ആഴ്ചകള്‍ മുമ്പ്് സ്റ്റേ അനുവദിച്ചത്.വനനിയമത്തിലെ സെക്ഷന്‍ 61(ബി) പ്രകാരം സൗത്ത് വയനാട് ഡിഎഫ്.ഒയാണ് മരങ്ങള്‍ കണ്ടുകെട്ടി കുപ്പാടിയിയിലെ സര്‍ക്കാര്‍ ഡിപ്പോയിലേക്കു മാറ്റിയത്. വനം വകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ചു ഏകദേശം 8.5 കോടി രൂപയാണ് കണ്ടുകെട്ടിയ മരങ്ങളുടെ വില.മരങ്ങള്‍ കണ്ടുകെട്ടുന്നതിനു മുമ്പ് വനനിയമത്തിലെ സെക്ഷന്‍ 61(എ) പ്രകാരം കക്ഷികള്‍ക്കു നോട്ടീസ് നല്‍കണമെന്നുണ്ട്. ഈ നടപടിക്രമം പാലിക്കാതെയാണ് വനം വകുപ്പ് മരങ്ങള്‍ കണ്ടുകെട്ടിയതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. മരങ്ങള്‍ കണ്ടുകെട്ടാതിരിക്കുന്നതിനു കാരണങ്ങള്‍ ഉണ്ടെങ്കില്‍ ബോധിപ്പിക്കുന്നതിനു അവസരം നല്‍കുന്നതാണ് സെക്ഷന്‍ 61(എ) നോട്ടീസ്. മരങ്ങള്‍ കണ്ടുകെട്ടിയ നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ കോടതിയില്‍ ഗവ.പ്ലീഡര്‍ ഇന്‍ ചാര്‍ജ് എതിര്‍ത്തില്ല. ഹൈക്കോടതിയില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. സെക്ഷന്‍ 61(എ) പ്രകാരം കക്ഷികള്‍ക്കു നോട്ടീസ് നല്‍കിയാണ് മരങ്ങള്‍ കണ്ടുകെട്ടിയതെന്നാണ് കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വനം ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. മുട്ടില്‍ മരംമുറി കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ജഡ്ജിയും ഗവ.പ്ലീഡറും അടുത്തകാലത്ത് പദവി ഒഴിഞ്ഞിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!