കടുവ നാട്ടില്‍ തന്നെ; രാത്രിയില്‍ സഞ്ചാരം! തിരച്ചില്‍ ഊര്‍ജിതം
കടുവ പയ്യംമ്പള്ളി പുതിയിടത്ത്. രാത്രിയില്‍ വാഹനത്തില്‍ പോയവര്‍ കടുവയെ കണ്ടതായി വിവരം. വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കി. എന്നാല്‍ ഈ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. അതേസമയം കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇപ്പോള്‍ പുതിയടത്ത് ട്രാക്കിംഗ് ടീം പരിശോധന നടത്തുകയാണ്. ഒമ്പത് മുതല്‍ വ്യാപക തെരച്ചില്‍ തുടങ്ങും.
180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും സംഘത്തിലുള്ളത്. വനം വകുപ്പ് 30 പേരടങ്ങുന്ന ആറു സംഘങ്ങളെ നിയോഗിക്കും. അതേസമയം ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താന്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസാണ് കുറുക്കന്മൂലയിലെത്തുക.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള വനം വകുപ്പിലെ ആറ് സംഘങ്ങള്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വയനാട് വന്യജീവി സങ്കേതത്തില്‍ നിന്ന് തെരച്ചിലിന് കൊണ്ടുവന്ന കുങ്കിയാനകളെ ഇന്ന് തോട്ടം മേഖലയിലും കൊണ്ടു പോകും. കഴിഞ്ഞ ദിവസം പശുവിനെ കൊന്ന വീടിന് സമീപത്തും കൂട് സ്ഥാപിച്ചു.