പൂരാടം പിറന്നാല്‍ പിന്നെ പൂവിളി മാത്രമായിരുന്നു പണ്ടത്തെ ഓണം. തിരുവോണത്തിനു രണ്ടു നാള്‍ ബാക്കിയുണ്ടെങ്കിലും ഇന്നു മുതല്‍ ഓണത്തിരക്കായിരുന്നു അന്നത്തെ രീതി. അകലെയുള്ള ബന്ധുക്കളെല്ലാം തറവാട്ടില്‍ തമ്പടിക്കാന്‍ തുടങ്ങുന്ന ദിവസം. പൂരാടം മുതല്‍ പൂക്കളങ്ങളുടെ വൈവിധ്യങ്ങളായിരുന്നു പണ്ടത്തെ ഓണത്തിനു ചാരുത കൂട്ടിയിരുന്നത്. ഇന്നത്തെ ഇന്‍സ്റ്റന്റ് പൂക്കളങ്ങളും ഈ നിയമങ്ങളൊക്കെ പാലിക്കുന്നുണ്ട്.ഓണാഘോഷത്തിന്റെയും പൂക്കളത്തിന്റെയും രൂപം മാറുന്നത് പൂരാടനാളിലാണ്. മുറ്റത്ത് തൃക്കാക്കരയപ്പന്റെയും മക്കളുടെയും രൂപങ്ങള്‍ മണ്ണിലുണ്ടാക്കി വയ്ക്കുന്നത് ഈ ദിവസമാണ്. ഓണത്തപ്പനെന്നും ഈ സ്തൂപ രൂപങ്ങളെ വിളിക്കുന്നു. മുറ്റത്ത് ചാണകം മെഴുകി, അരിമാവില്‍ കോലങ്ങള്‍ വരച്ച് പലകയിട്ട് മണ്‍രൂപങ്ങള്‍ വയ്ക്കുന്നതാണു രീതി. വലിയ പൂക്കളങ്ങളാണ് ഇന്നു മുതല്‍ തയാറാക്കുന്നത്. ഓരോ ദേശത്തും ഇതില്‍ വ്യത്യാസങ്ങളുണ്ട്.അത്തം മുതലുള്ള പൂക്കളത്തിന് ഒന്നാം ദിനം ഒരു നിര, രണ്ടാം ദിനം രണ്ടു വട്ടം എന്നിങ്ങനെ കളത്തിന്റെ വലിപ്പം കൂടി വരും. വിശാഖത്തിന് ശോകമില്ലാ പൂവെന്നും, കേട്ടയില്‍ നാറ്റപ്പൂവെന്നും മൂലം നാളില്‍ വാലന്‍ പൂവെന്നും ഒരു പൂക്കള പാട്ടുണ്ട്. മൂലത്തിന് ചതുരത്തില്‍ പൂക്കളമിടണം. മൂലക്കളം എന്ന് പറയും. ഉള്ളില്‍ സുദര്‍ശന ചക്രമോ നക്ഷത്രമോ പ്രത്യേകം തീര്‍ക്കുന്നവരും ഉണ്ട്. ചോതിനാള്‍ മുതല്‍ നടുക്ക് വയ്ക്കുന്ന കുട നാലു ഭാഗത്തേക്കും വയ്ക്കാറുണ്ട്. പച്ച ഈര്‍ക്കിലില്‍ പൂവ് കൊരുത്താണ് കുട വെയ്ക്കുക. വാഴത്തടയില്‍ നടുക്ക് കുട വെയ്ക്കുന്ന ചടങ്ങ് തെക്കുണ്ട്. പൂരാടത്തിന് കള്ളികള്‍ തീര്‍ത്താണ് പൂക്കളം. ഓരോ കള്ളിയിലും ഓരോ പൂക്കള്‍. ഉത്രാടത്തിന് പത്തു നിറം പൂക്കള്‍. ഏറ്റവും വലിയ പൂക്കളവും ഉത്രാടത്തിനാണ്. തിരുവോണത്തിന് തുമ്പക്കുടം മാത്രമാണ് ഇടുക. ചിലയിടങ്ങളില്‍ തുളസിയുമുണ്ടാകും. തൃക്കാക്കരയപ്പനെ പൂക്കളത്തില്‍ വെയ്ക്കുന്നതും അന്നാണ്.തൃക്കാക്കരയപ്പനെ തുമ്പക്കുടം കൊണ്ട് പൂമൂടല്‍ നടത്തണമെന്നാണ്. മലബാറില്‍ മാതേവരെ വെയ്ക്കുക എന്ന് പറയും.പൂരാടം മുതല്‍ മാതേവരെ വെയ്ക്കുന്ന ഇടങ്ങളുമുണ്ട്. വള്ളുവനാട്ടില്‍ അത്തം മുതല്‍ മാതേവരെ വെയ്ക്കും. മാവേലി, തൃക്കാക്കരയപ്പന്‍, ശിവന്‍ എന്നീ സങ്കല്പത്തില്‍ മൂന്ന് മാതേവരെയാണ് വെയ്ക്കുക. ചിലയിടങ്ങളില്‍ ഏഴ് വരെ വെയ്ക്കും. അരിമാവ് കൊണ്ട് കളം വരച്ച് പലക മേലാണ് മാതേവരെ വെയ്ക്കുക. തിരുവിതാംകൂറില്‍ മഞ്ഞമുണ്ടിന്റെ നൂല്‍ ചുറ്റുന്ന ചടങ്ങുമുണ്ട്. വടക്ക് തൃക്കാക്കരയപ്പനെ വരവേല്ക്കുന്ന ചടങ്ങുമുണ്ട്. വീടിന്റെ ഉമ്മറത്താണ് കോലമൊരുക്കുക. തുടര്‍ന്ന് തൃക്കാക്കരയപ്പന് അട നിവേദ്യം നേദിക്കും. ഉത്രട്ടാതി വരെ കളം നിര്‍ത്തുന്നവരുണ്ട്. മറ്റു ചിലയിടങ്ങളില്‍ രേവതി നാളില്‍ കളത്തിന്റെ അരിക് മുറിച്ചാണ് ഓണപ്പൂക്കളത്തിന്റെ പരിസമാപ്തി കുറിക്കുക. അടയക്കമുള്ള നേദ്യങ്ങളുമുണ്ടാകും. പിന്നെ ഒരു വര്‍ഷത്തെ കാത്തിരിപ്പാണ്. അടുത്ത ഓണമെത്താന്‍.