പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം

0

 

വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും അറിയിക്കുന്നതിനായി കല്‍പ്പറ്റ എക്‌സൈസ് ഡിവിഷന്‍ കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. 04936-288215 എന്ന നമ്പറിലും, ടോള്‍ഫ്രീ നമ്പറായ 18004252848 ലും പൊതുജനത്തിന് പരാതി അറിയിക്കാം. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടില്ല.

താലൂക്ക്തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. കല്‍പ്പറ്റ – 04936 208230, 202219, മാനന്തവാടി – 04935 244923, 240012, ബത്തേരി – 04936 227227, 248190, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, മീനങ്ങാടി -04936, 246180 എന്നീ നമ്പറുകളിലും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം.

വ്യാജ മദ്യത്തിന്റെ ഉപയോഗം, കടത്ത്, വില്‍പ്പന എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതി യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളകട്രേറ്റില്‍ ചേര്‍ന്നു. ഓണാഘോഷത്തോടനുബന്ധിച്ചുളള അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ എ. ഗീത എക്സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം ആശങ്കാജനകമാണെന്ന് കളക്ടര്‍ പറഞ്ഞു. വിദ്യാലയങ്ങളും കോളനികളും കേന്ദ്രീകരിച്ച് ബോധവത്ക്കരണം ശക്തമാ ക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എഴ് മാസം 2781 കേസുകള്‍

ജനുവരി മുതല്‍ ജൂലൈ 31 വരെയുളള ഏഴ് മാസ കാലയളവില്‍ എക്സൈസ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 2781 കേസുകള്‍. 2248 റെയ്ഡുകളും പോലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകളുമായി ചേര്‍ന്ന് 34 സംയുക്ത പരിശോധനകളും ഇക്കാലയളവില്‍ നടത്തി. 29,819 വാഹനങ്ങളും പരിശോധിച്ചു. കളക്ട്രേറ്റില്‍ നടന്ന ജനകീയ സമിതി യോഗത്തിലാണ് എക്സൈസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. 492 അബ്കാരി കേസുകളും 167 എന്‍.ഡി.പി.എസ് കേസുകളും 2122 കോട്പ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കോട്പ കേസുകളില്‍ പിഴയായി 4,24,400 രൂപയും ഈടാക്കി. അബ്കാരി കേസില്‍ 472 പ്രതികളെയും, എന്‍.ഡി .പി. എസ് കേസുകളില്‍ 185 പ്രതികളെയും അറസ്റ്റ് ചെയ്തു. തൊണ്ടി മുതലായി 1580.13 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 265.01 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 3.8 ലിറ്റര്‍ കളര്‍ ചേര്‍ത്ത മദ്യം , 57.7 ലിറ്റര്‍ ബിയര്‍, 116.525 ലിറ്റര്‍ അരിഷ്ടം, 3523 ലിറ്റര്‍ വാഷ് , 46.1 ലിറ്റര്‍ ചാരായം, 196.806 കി.ഗ്രാം കഞ്ചാവ്, 3 കഞ്ചാവ് ചെടികള്‍, 130.69 ഗ്രാം മെത്താംഫീറ്റാമിന്‍, 963.369 ഗ്രാം എം. ഡി. എം. എ, 5.5 ഗ്രാം ഹാഷിഷ് ഓയില്‍, 2.1 ഗ്രാം ഹാഷിഷ്, 67.026 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, 2000 പാക്കറ്റ് വിദേശ നിര്‍മ്മിത സിഗററ്റ്, 2337 ഗ്രാം സ്വര്‍ണ്ണം, 24,72,501 രൂപ കുഴല്‍ പണം, 65,820 തൊണ്ടി മണി, 19 വാഹനങ്ങള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. ഈ കാലയളവില്‍ 15 അന്യസംസ്ഥാന തൊഴിലാളി ക്യാമ്പും, 814 ട്രൈബല്‍ കോളനികളും എക്സൈസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. 642 ജനകീയ കമ്മിറ്റികളും 796 ബോധവല്‍ക്കരണ പരിപാടികളും ഇക്കാലയളവില്‍ നടത്തി.

 

 

Leave A Reply

Your email address will not be published.

error: Content is protected !!