മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്താന്‍ വിദഗ്ദ സമിതി.
ജില്ലയില്‍ ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍ ഭീഷണിയുളള പ്രദേശങ്ങള്‍ കണ്ടെത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിദഗ്ദ സംഘത്തെ നിയോഗിച്ചു.സീനിയര്‍ ഹൈഡ്രോളജിസ്റ്റ് കം ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ ചെയര്‍മാനും, മണ്ണ് സംരക്ഷണ- പര്യവേഷണ അസി.ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍,ജില്ലാ ജിയോളജിസ്റ്റ്,ജില്ലാ ടൗണ്‍ പ്ലാനര്‍,അമ്പലവയല്‍ ആര്‍.എ.ആര്‍.എസ് മെറ്റീരിയോളജിസ്റ്റ്,ഹസാര്‍ഡ് അനലിസ്റ്റ് എന്നിവര്‍ അംഗങ്ങളാണ്.
മലയോരപ്രദേശങ്ങളിലെ മണ്ണിന്റെ ഘടനയുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത ഉളളതെന്നും അത്തരം പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ചും സമിതി സെപ്തംബര്‍ 30 നകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തുടര്‍ച്ചയായ ഇടവേളകളിലും ജാഗ്രത മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യങ്ങളിലും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ വിദഗ്ദ സമിതി സന്ദര്‍ശനം നടത്തും. ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത സംബന്ധിച്ച് പഠനം നടത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമയബന്ധിതമായി റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ടതും സമിതിയാണ്. അസാധാരണമായ പ്രകൃതി പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യങ്ങളിലും സമിതി പരിശോധന നടത്തണം. സീനിയിര്‍ ഹൈഡ്രോളജിസ്റ്റിനാണ് സമിതിയുടെ ഏകോപന ചുമതല. ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി കൂടുതല്‍ ഉള്ളതിനാലും, മുന്‍വര്‍ഷങ്ങളിലെ ദുരന്ത സാഹചര്യങ്ങള്‍ കണക്കിലെടുത്തുമാണ് പ്രകൃതി ദുരന്തങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനായി ജില്ലാഭരണകൂടം വിദഗ്ദ സമിതി രൂപീകരിച്ചത്.